ഓൺലൈൻ ടാക്സി സർവീസുകളുടെ നിരക്ക് അനുദിനം കൂടുകയാണ്. എന്നാൽ, കാനഡ സ്വദേശി വിളിച്ച ഊബർ ടാക്സിക്ക് നല്കേണ്ടിവന്നത് തുക അല്പം കൂടിപ്പോയി. അല്പമെന്നുവച്ചാൽ ചില്ലറയൊന്നുമല്ല. കേവലം എട്ടു കിലോമീറ്റർ യാത്ര ചെയ്യാൻ 18,518 കനേഡിയൻ ഡോളറാണ് (9.36 ലക്ഷം രൂപ) നല്കേണ്ടിവന്നത്. ടൊറോന്റോയിൽ വെള്ളിയാഴ്ചയാണ് സംഭവം. ടാക്സി വിളിച്ച് കാശുപോയ യുവാവ് ബില്ലിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
7.7 കിലോമീറ്റർ യാത്രചെയ്തതിന് യുവാവിന് ഊബർ കമ്പനി നല്കിയത് 18,518 ഡോളറിന്റെ ബിൽ. തെറ്റു മനസിലായതോടെ സാങ്കേതികപ്പിശകാണെന്നു ചൂണ്ടിക്കാട്ടി ഊബർ രംഗത്തെത്തി. യുവാവിന് മുഴുവൻ പണവും തിരികെ നല്കുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു.