ആലുവ: മോദി സർക്കാരിന്റെ അച്ഛാദിന്നിന്റെ പ്രയോജനം ലഭിച്ചത് അംബാനിമാർക്കും അദാനിമാർക്കുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഡിഎ സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണം സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ളതല്ലെന്നാണു ഇതിലൂടെ തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവ ടൗൺഹാളിൽ നടന്ന സിപിഐ സംസ്ഥാന മധ്യമേഖല നേതൃതല ജനറൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു കാനം. മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷവും കർഷക ആത്മഹത്യകൾ തുടരുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും കർഷക പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ടിയിൽ മൂന്നു തവണ ഭേദഗതി കൊണ്ടുവന്നപ്പോൾത്തന്നെ അത് ജനദ്രോഹമാണെന്നു തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, നിർവാഹക സമിതിയംഗം കെ.ഇ. ഇസ്മായിൽ, ദേശീയ കൗൺസിലംഗം കമല സദാനന്ദൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എ. കുര്യൻ, പി.പ്രസാദ്, വി.ഇ. ബിനു, എൻ. രാജൻ, കെ.കെ. വത്സരാജ്, കെ.കെ. ശിവരാമൻ, സി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. രാജു സ്വാഗതം ആശംസിച്ചു.