ജിജു ജോർജ്
കോതമംഗലം: അണിഞ്ഞൊരുങ്ങി വിരുന്നെത്തുന്നവരെ കാത്തിരയിരിക്കുകയാണ് ഇടമലയാര്‍ ഡാമും പരിസരവും. പക്ഷേ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടേണ്ടെന്ന് അധികാരികൾ നിലപാടെടുത്തതോടെ ഇടമലയാറിലെ വിസ്മയകാഴ്ചകൾ വിനോദസഞ്ചാരികൾക്ക് അന്യമാവുകയാണ്.ഇടമലയാറിലെ വിസ്മയകാഴ്ചകൾ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം നിഷേധിക്കപ്പെടുന്നത് പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്ന ആർക്കും നഷ്ടബോധമുണ്ടാക്കുന്ന ഒന്നാണ്. സമൃദ്ധമായി പെയ്തിറങ്ങിയ കാലവര്‍ഷം ഇടമലയാര്‍ ഡാം റിസര്‍വോയറിനെ ജലസന്പുഷ്ടമാക്കി മാറ്റി.
പരമാവധി സംഭരണ ശേഷിയിലാണ് ഡാമിപ്പോൾ. ഹെക്ടർ കണക്കിന് പരന്നുകിടക്കുന്ന ജലാശയവും, റിസര്‍വോയറിന്റെ ഒരറ്റത്തെ വെള്ളച്ചാട്ടവും ഇടമലയാറിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്നു. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം പ്രകൃതിയൊരുക്കിയ ഒരു വിരുന്നുതന്നെയാണ്.വിനോദസഞ്ചാരികള്‍ക്കോ പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍ക്കോ പോലും ഇവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഡാമിന്റെ സുരഷയും വനസംരക്ഷണവും വന്യജീവികളുടെ സംരക്ഷണവുമെല്ലാം മുന്‍നിർത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടമലയാറിലേക്കുള്ള പ്രവേശനം നിരോധിച്ചത്.ആനയുള്പ്പടെയുള്ളവയില് നിന്ന് സഞ്ചാരികള്‍ക്ക് നേരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയും പ്രതികൂലഘടകമായി പറയുന്നു. പ്രകൃതിയെ അടുത്തറിയാനുള്ള ഒരു ഇടം വേലികെട്ടി തടഞ്ഞിരിക്കുന്നതിൽ സഞ്ചാരികള്‍ക്ക് ഏറെ നിരാശയുണ്ട്. ഇടമലയാർ ഡാം സൈറ്റിൽ നിന്നും വിളിപ്പാട് അകലെയാണ് സിനിമകളിൽ പോലും ഇടംതേടിയിട്ടുള്ള വൈശാലി ഗുഹ. ഇതു വഴിയാണ് താളുംകണ്ടം ആദിവാസി കോളനിയിലേക്കുള്ള കാനന പാതയും കടന്നു പോകുന്നത്.
തട്ടേക്കാടും ഭൂതത്താൻകെട്ടും ഇടമലയാറുമെല്ലാം കോർത്തിണക്കി ബ്രഹത്ത് ടൂറിസം പദ്ധതിക്കുള്ള സാധ്യത വളരെ വലുതാണ്. ഇത് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിനും വലിയ വഴിത്തിരിവാകും. ഇത്തരത്തിൽ അവസരമൊരുക്കിയാൽ മൂന്നാറിലേക്കും ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലേക്കു മൊഴുകുന്ന സ്വദേശ, വിദേശ സഞ്ചാരികളുടെ ഒരു ഇടത്താവള മായി ഇവിടം മാറുമെന്നത് ഉറപ്പാണ്.
ഇടമലയാര്‍ കേന്ദ്രീകരിച്ച് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. മന്ത്രി എം.എം. മണി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം പരിഗണിക്കുമെന്ന പ്രഖ്യാപനവും നടത്തിയതാണ്. എന്നാല്‍ വനംവകുപ്പ് കടുംപിടുത്തം ഇതിനെല്ലാം തടയിടുന്നു. വനത്തിനോ വന്യമൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ദോഷകരമാകാതെ ടൂറിസം പദ്ധതി നടപ്പാക്കാമെന്ന വാദത്തിന് കാര്യമായ പിന്തുണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിട്ടുമില്ല. കുരുക്കുകള്‍ അഴിയുന്നതുവരെ ഇടമലയാറിന്റെ സൗന്ദര്യം സഞ്ചാരികൾക്ക് ്കണ്ണെത്താദൂരത്ത് തന്നെയാണ്.