വടകര: ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ അംജാദിനെയും ജീവനക്കാരി പ്രവീണയെയും പിടികൂടാനായത് വടകര ക്രൈം സ്ക്വാഡിനു പൊൻതൂവലായി. വ്യത്യസ്ത മതത്തിൽപെട്ടവർ പ്രണയം മൂത്ത് ഒളിച്ചോടിയതിന്റെ പേരിൽ പലവിധ കഥകൾ പ്രചരിച്ച് കൊണ്ടിരിക്കെ ഇരുവരേയും താമസം കൂടാതെ പിടികൂടാനായത് പോലീസിനാകെ അഭിമാനിക്കാനായി. രണ്ടു മാസത്തിലേറെ നീണ്ട അക്ഷീണ പ്രയത്നം ഫലം കണ്ടതിലെ ആശ്വാസത്തിലാണ് ക്രൈം സ്ക്വാഡ് അംഗങ്ങൾ.
അംജാദിനെ കാണാതായി രണ്ടു മാസം പിന്നിട്ടപ്പോൾ ജീവനക്കാരി പ്രവീണയും അപ്രത്യക്ഷമായതോടെ നാട്ടുകാരോടൊപ്പം പോലീസും ഞെട്ടി. ഐഎസ് ബന്ധമൊക്കെ ആരോപിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾ നാട്ടിലാകെ കൊഴുക്കുന്പോൾ എങ്ങനെയെങ്കിലും പിടികൂടണമെന്ന വാശിയിലായിരുന്നു പോലീസ്. ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിൽ റൂറൽ എസ്പി തന്നെ ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതിയിൽ എന്തു മറുപടി പറയുമെന്ന് അറിയാതെ കുഴങ്ങിയിരിക്കുന്പോഴാണ് ഇതിനു തലേന്ന് ഇരുവരേയും കോഴിക്കോട് പിടികൂടാനായത്.
കാണാമറയത്ത് ഇരുന്ന് പോലീസിനെ വെല്ലുവിളിക്കുന്ന അംജാദ് തന്നെയാണ് പ്രവീണയുടെ നിരോധാനത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നെങ്കിലും എവിടെയാണ് ഇവരെന്നു കണ്ടെത്തുക പ്രയാസമായി. പോലീസിനെ കബളിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും പലവിധ നന്പറുകൾ ഇറക്കാൻ അംജാദ് ശ്രമിച്ചു. ഇതോടെ ഒരു വെല്ലുവിളി എന്ന നിലയിൽ തന്നെ കേസ് ഏറ്റെടുത്ത ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൗണും ഉറക്കവും വെടിഞ്ഞ് രംഗത്തിറങ്ങി. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ സെൽ സഹായത്തോടെ ഫോണ് രേഖകളും പരിശോധിച്ച് മുന്നേറിയതിന്റെ തുടർച്ചയായാണ് കാര്യങ്ങൾ ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
അംജാദ് ചില്ലറക്കാരനല്ലെന്ന് ഇയാളെ കാണാതയി രണ്ടു ദിവസം കൊണ്ടു തന്നെ പോലീസിനു മനസിലായിരുന്നു. സ്പതംബർ 11 ന് രാത്രിയാണ് അംജാദ് അപ്രത്യക്ഷനാവുന്നത്. തന്നെ ചിലർ തട്ടിക്കൊണ്ട് പോയെന്നും മർദിച്ച് പണം പിടിച്ചുപറിച്ചെന്നും ബംഗ്ലൂർ ആശുപത്രിയിലാണെന്നുമാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഇതനുസരിച്ച് പോലീസിനോടൊപ്പം ബന്ധുക്കൾ ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ അപ്രത്യക്ഷനായിരുന്നു. യാതൊരു പരിക്കുമില്ലെന്നും അവശനല്ലെന്നും ആശുപത്രി അധികൃതർ പോലീസിനോട് പറഞ്ഞു. ഇതിനിടയിൽ ഇയാൾ മൈസൂരിലെ കോൾ സെന്ററിലെ രണ്ടു പെണ്കുട്ടികളെ വിളിച്ച ശേഷം ഫോണ് സ്വിച്ച് ഓഫാക്കി. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും അംജാദിനെ കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ല.
ഒരു മാസം കഴിഞ്ഞ് കോഴിക്കോട് നഗരത്തിൽ വെച്ച് ഓർക്കാട്ടേരിക്കാരായ രണ്ടുപേർ ഇയാളെ കാണുകയുണ്ടായി. ഇവരെ കണ്ട അംജാദ് ഓടിമറഞ്ഞു. ഇതിന്റെ തുടർച്ചയായി ഇയാൾ തന്റെ ഫോണ് ഉപയോഗിച്ച് ടാക്സി സെന്ററിലേക്കു വിളിക്കുകയുണ്ടായി. ശേഷം കർണാകയിലെ ഹസനിലാണ് അംജാദ് പൊന്തിയത്. അവിടെ നിന്ന് പലരേയും വിളിച്ച ശേഷം ഫോണ് വീണ്ടും സ്വിച്ച് ഓഫാക്കി. ഇത് പോലീസിനെ വഴി തെറ്റിക്കാനായിരുന്നുവെന്ന് വ്യക്തമായതിനാൽ പിന്നാലെ പോകാൻ അന്വേഷസംഘം തയാറായില്ല. ഇതിന്റെ തുടർച്ചയായാണ് പ്രവീണയെ കാണാതാവുന്നത്.
ഇത് ഒരുതരം കൊഞ്ഞനം കുത്തലായെന്നാണ് പോലീസ് പറഞ്ഞത്. മാത്രമല്ല ഒരാളുടെ ഫെയ്സ്ബുക്കിൽ അംജാദ് കമന്റിട്ടത് കൂടിയായപ്പോൾ ക്രൈംസ്ക്വാഡ് വെല്ലുവിളി ഏറ്റെടുത്തു. കിച്ചു എന്നാണ് അംജാദിന്റെ ഓമനപ്പേര്. കിച്ചുവിനെ പിടിക്കാൻ പോലീസിനു കഴിയില്ലെന്നായിരുന്നു കമന്റ്. ഇത് കൂടിയായപ്പോൾ എത്രയും വേഗം പിടികൂടണമെന്ന ചിന്ത ക്രൈം സ്ക്വാഡ് അംഗങ്ങളിൽ ഉണർന്നു. പ്രവീണയുടെയും അംജാദിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും കോൾ ലിസ്റ്റ് പോലീസ് പരിശോധിച്ചു. ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും നിരീക്ഷണത്തിലാക്കി. കംപ്യൂട്ടറിലും മൊബൈലിലും അപാര കഴിവുള്ള ആളാണെങ്കിലും ഒരു തുന്പ് അംജാദ് തന്നെ നൽകുമെന്ന നിലപാടിലായിരുന്നു പോലീസ്. അന്വേഷണ സംഘത്തിന്റെ നിരീക്ഷണം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ.
ഇതിനിടയിൽ പ്രവീണയുടെ അച്ഛൻ മകളെ കാണാതായതു സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിൽ പലരും പ്രതികരണം രേഖപ്പെടുത്തി. ഇതിലെ ഒരു നന്പർ നോക്കിയപ്പോൾ ക്രൈംസ്ക്വാഡിനു സംശയം തോന്നി. സിനിമാ നടൻ ആസിഫ് അലിയുടെ പേരിലുള്ള വ്യാജ ഫെയസ്ബുക്ക് അക്കൗണ്ടായിരുന്നു ഇത്. വിശദാംശം നോക്കിയപ്പോൾ മാങ്കാവിലെ പാർസൽ സർവീസുകാരുടെ ഫെയ്സ് ബുക്കിൽ കയറിയാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചത്. മറ്റുള്ളവരുടെ ഇമെയിലും ഫെയ്സ്ബുക്കും ഹാക്ക് ചെയ്യുന്ന കാര്യത്തിൽ അംജാദിനു പ്രത്യേക കഴിവുതന്നെയുണ്ട്. അന്വേഷണം വഴി മുട്ടിയെങ്കിലും ഒരു കാര്യം പോലീസിനു മനസിലായിരുന്നു. അതായത് ഇരുവരും കോഴിക്കോട് നഗരത്തിൽ തന്നെ ഉണ്ടെന്നത്.
ആസിഫ് അലിയുടെ ചിത്രമുള്ള വ്യാജ ഫെയസ് ബുക്ക് അക്കൗണ്ടിൽ കോഴിക്കോട് നഗരത്തിൽ സ്പോക്കണ് ഇംഗ്ലീഷ് അധ്യാപകന്റെ നന്പർ കാണുകയുണ്ടായി. ഇതിലേക്ക് പതിവായി വിളിവന്ന നന്പറിനു പിന്നാലെ പോയപ്പോൾ പ്രവീണയുടെ ചൊക്ലിക്കാരിയായ സുഹൃത്തിന്റെ നന്പറാണെന്ന് തെളിഞ്ഞു. ഇതിന്റെ കോൾ ഡീട്ടേയിൽസ് എടുത്തതോടെയാണ് കോഴിക്കോട് പുതിയറയിലെ വീട് മനസിലായതും ഇരുവരേയും വലയിലാക്കിയതും.
വീട് തിരിച്ചറിഞ്ഞ് രണ്ടാം ദിവസം തന്നെ ക്രൈംസ്ക്വാഡ് ഇരുവരേയും പൊക്കി. മിസിംഗ് കേസാണ് ആദ്യം രജിസ്റ്റർ ചെയ്തതെങ്കിലും കള്ളനോട്ടും വ്യാജലോട്ടറിയും പിടികൂടിയതോടെ കേസ് ഗൗരവമായി. ഇതോടെ ക്രൈംസ്ക്വാഡിന്റെ പരിശ്രമത്തിനു പൊൻതിളക്കമായി. അംജാദിനെയും പ്രവീണയേയും യഥാസമയം പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥക്കു തന്നെ ദോഷകരമാവുമെന്ന് റൂറൽ എസ്പി എം.കെ.പുഷ്കരൻ മാധ്യമങ്ങളോട് പറയുകയുണ്ടായി. കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ എസ്പി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
എടച്ചേരി എഎസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചതും തുന്പുണ്ടാക്കി പ്രതികളെ പിടികൂടിയതും. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.രാജീവൻ, സൈബർ സെല്ലിലെ സരേഷ്, വടകരയിലെ ഷാജി എന്നിവരാണ് പ്രധാനമായി രംഗത്തുണ്ടായിരുന്നത്. എഎസ്ഐ സി.എച്ച്.ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ കെ.യൂസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. എടച്ചേരി എസ്ഐ കെ.പ്രദീപ് കുമാർ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. നാട്ടുകാരേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ പോവുകയും ക്രിമിനിൽ കുറ്റകൃത്യം നടത്തുകയും ചെയ്തവരെ തളച്ചതിന്റെ ആശ്വാസത്തിലാണ് ക്രൈംസ്ക്വാഡ്.