മുക്കം: നിനച്ചിരിക്കാത്ത നേരത്തു ശരീരത്തിന്റെ ഒരു ഭാഗം വിധി തിരിച്ചെടുത്തിട്ടും അന്തസായി ജീവിച്ചു കാട്ടുകയാണ് മുക്കം നീലേശ്വരം വെളുത്തേടത്തു മുഹമ്മദലി എന്ന 52 കാരന്.2003-വരെ മുഹമ്മദലി ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായിരുന്നു. അറിയാവുന്ന തൊഴിലായ ഡ്രൈവിഗും പ്ലംബിഗും വയറിംഗ് ജോലിയുമൊക്കെ ചെയ്തു കുടുംബം പോറ്റിയിരുന്ന മുഹമ്മദലിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് നിനച്ചിരിക്കാത്ത നേരത്തു പറ്റിയ അപകടമാണ് .
തൊട്ടത്തിന്കടവ് പച്ചക്കാട് പ്രദേശത്തുള്ള ഒരുകുന്നിന്‍ മുകളില്‍ നിന്ന് തെന്നി താഴെ വീഴുകയായിരുന്നു.കാല്‍മുട്ടിന്റെ ചിരട്ടക്കു സാരമായി പരിക്ക് പറ്റി. കടുത്ത വേദന സഹിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദിവസങ്ങളായി നീണ്ട ചികിത്സ.ചികിത്സ ഫലം കാണാതായപ്പോള്‍ കാലു മുറിച്ചുമാറ്റുകയല്ലാതെ മറ്റു നിവര്‍ത്തിയില്ലെന്നായി വൈദ്യ ശാസ്ത്രം.
കാല് മുറിച്ചുമാറ്റിയിട്ടാണെങ്കിലും വേദനയില്‍ നിന്നും മുക്തമാക്കണമെന്നു മുഹമ്മദാലിയും അഭിപ്രായപെട്ടതോടെ മുട്ടിനു മുകളില്‍വെച്ചു മുറിച്ചുമാറ്റുകയായിരുന്നു.പിന്നീട് മൂന്ന് വര്‍ഷം ചികിത്സയും വേദനയുമായി ഇദ്ദേഹം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി.പരസഹായമോ ക്രച്ചസിന്റെയോ സഹായമില്ലാതെ നടക്കാന്‍ മനസിനെ പതിന്മടങ്ങു ബലപ്പെടുത്തുകയായിരുന്നു മുഹമ്മദലി.
ജീവിതം തന്നെ ഗതിമുട്ടിനില്‍ക്കുന്ന നേരത്തു മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടാവാം ജയ്പൂര്‍ കാലുകള്‍ പോലുള്ള കൃത്രിമ കാലുകളൊന്നും മനസ്സില്‍ വന്നില്ല .തന്റെ സഞ്ചാര സഹായിയെ ഇയാള്‍ തന്നെ കണ്ടെത്തുകയായിരുന്നു . ശരീരത്തിന്റെ ഒരു ഭാഗം താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള ഒരു മരത്തടി കണ്ടെത്തി അതുമുറിച്ചു മാറ്റിയ കാലിന്റെ ശേഷിച്ച ഭാഗത്തു കെട്ടിവെച്ചു നടക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
ഏറെനാളത്തെ പരിശ്രമത്തിനൊടുവില്‍ മുഹമ്മദലി വിജയിക്കുകതന്നെ ചെയ്തു .ഇന്ന് സ്വയം നിര്‍മിച്ച കൃത്രിമ കാലില്‍ നിന്നുകൊണ്ട് മുഹമ്മദലി ഏതു ജോലിയും ചെയ്യും .തേങ്ങാ പൊളിക്കുന്ന ജോലിയില്‍ വൈദഗ്ദ്യം കാട്ടുന്ന മുഹമ്മദലി ദിവസവും 1200 തേങ്ങയെങ്കിലും പൊതിക്കും .
ഈ കൃത്രിമ കാലുമായി നടക്കാനും ബസില്‍ കയറി യാത്ര ചെയ്യാനും യാതൊരു ബുദ്ധിമുട്ടും ഇന്നില്ല .ജീവിതത്തിന്റെ ഇരുണ്ട നാളുകളില്‍ താങ്ങും തണലുമാവേണ്ട ഭാര്യയും മക്കളും ഇന്ന് ഇയാള്ക്കൊപ്പമില്ല .വികലാംഗര്‍ക്കുള്ള സര്ട്ടിഫക്കറ്റുകളൊക്കെ കൈവശമുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ സഹായത്തിനും മുഹമ്മദലി മുതിര്‍ന്നിട്ടില്ല.കാരണം ലളിതമെങ്കിലും ഉറച്ചതു തന്നെയാണ്…
അധ്വാനിച്ചു ജീവിക്കാന്‍ കഴിയുന്നിടത്തോളം കാലം ആരുടേയും സൗജന്യം ആഗ്രഹിക്കുന്നില്ല.ചെറിയൊരു അംഗവൈകല്യം വരുമ്പോഴേക്കും മനസ്സു മുരടിച്ചുപോവുന്നവര്ക്കു മുന്പില് ,അല്ലെങ്കില്‍ അംഗവൈകല്യം മുതലെടുത്തു മറ്റുള്ളവര്ക്കുമുമ്പില് കൈനീട്ടുന്നവര്‍ക്കു മുമ്പില്‍ മുഹമ്മദലി ജീവിച്ചുകാട്ടുകയാണ്