പാരിസ് ലക്ഷ്മിയെ അറിയാത്ത മലയാളികള്‍ ഇന്നില്ല. ഫ്രാന്‍സുകാരിയായ കേരളത്തിന്റെ മരുമകള്‍. അവര്‍ക്ക് കഥകളിയോടും ശാസ്ത്രീയ നൃത്തത്തോടും മാത്രമല്ല കമ്പം, വിഷം ചീറ്റുന്ന പാമ്പുകളോടുമുണ്ട്. ആ കമ്പമാകട്ടെ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. പാമ്പുകളെ മാല പോലെ കഴുത്തില്‍ അണിയുന്ന പാരിസ് ലക്ഷ്മിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ചര്‍ച്ച. അഭിനേത്രി കൂടിയായ പാരീസ് ലക്ഷ്മി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പാമ്പുകളുമായുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
ഒരു സ്വകാര്യ ടി വി ചാനലിന്റെ ഷോയുടെ ഭാഗമായി മലേഷ്യയില്‍ എത്തിയപ്പോഴാണ് പാരീസ് ലക്ഷ്മി ‘പ്രിയപ്പെട്ട പാമ്പുകളെ’ കഴുത്തില്‍ ചുറ്റിയത്. ഒരു പാമ്പിന് മേലെ മറ്റു പാമ്പുകളെയും കൊണ്ട് വന്ന് ഇടുന്നുണ്ട്. ഇതിന്റെ വീഡിയോയും പാരീസ് ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കൊണ്ട് ലക്ഷ്മിക്ക് ഒരു കുലുക്കവുമില്ല. ഏറെ ആവേശത്തോടും ധൈര്യത്തോടും കൂടിയാണ് ലക്ഷ്മി പാമ്പുകളുമായി ഇടപെടുന്നത്. മലമ്പാമ്പ്, ബോവ ഇനത്തില്‍ പെട്ട പാമ്പുകളെയാണ് ലക്ഷ്മി കഴുത്തില്‍ അണിഞ്ഞിരുന്നത്.
1998 ഋഷികേശില്‍ വച്ച് മലമ്പാമ്പിനെ കഴുത്തില്‍ ഇട്ടു നില്ക്കുന്ന തന്റെ പഴയകാല ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. 1998 ല്‍ ഋഷികേശിലും 2017 ല്‍ മലേഷ്യയിലും എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുളളത്. പാമ്പുകളുടെ ചിത്രങ്ങള്‍ കണ്ടാല്‍പ്പോലും ഭയന്നോടുന്ന ആളുകളുള്ളപ്പോള്‍ ഇക്കാര്യത്തില്‍ ഇവര്‍ കാണിക്കുന്ന ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.