കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ കവർച്ച. തൃപ്പൂണിത്തുറ ഹിൽപ്പാലസിനു സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം വീട്ടുകാരെ കെട്ടിയിട്ടശേഷം കവർച്ച നടത്തുകയായിരുന്നു.
കവർച്ചക്കാരുടെ അക്രമത്തിൽ ഗൃഹനാഥനു ഗുരുതരമായും മറ്റുള്ളവർക്കു നിസാര പരിക്കുകളും ഏറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 പവൻ സ്വർണാഭരണങ്ങളടക്കം വീട്ടിൽനിന്നു നഷ്ടപ്പെട്ടതായാണു സൂചന. കവർച്ച നടത്തിയത് തമിഴ്നാട്ടുകാരടങ്ങുന്ന 15 അംഗ സംഘമാണെന്നാണു പോലീസ് നൽകുന്ന സൂചന. വീട്ടിന്റെ മുൻഭാഗത്തെ ജനൽകന്പികൾ തകർത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു.
കഴിഞ്ഞ ദിവസം കൊച്ചി നഗരമധ്യത്തിൽ വീട്ടിൽ കയറി വയോധികരായ ദന്പതികളെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നിരുന്നു. നോർത്ത് ജംഗ്ഷനിൽനിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയിൽ താമസിക്കുന്ന ഇല്ലിമൂട്ടിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്.