വൈക്കം: വേന്പനാട്ടു കായലിനു കുറുകെ വൈക്കം -തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന കാലപ്പഴക്കമുള്ള യാത്രാബോട്ടുകൾ മാറ്റി പുതിയ ബോട്ടുകൾ സർവീസിന് അനുവദിച്ച് യാത്രാ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി. ഫെറിയിൽ സർവീസ് നടത്തുന്ന നാലു ബോട്ടുകളിൽ രണ്ടെണ്ണം 20 വർഷത്തിലധികം പഴക്കമുള്ളവയാണെന്ന് പറയപ്പെടുന്നു. മറ്റ് ഫെറികളിൽ ജനരോക്ഷത്തെ തുടർന്ന് സർവീസ് നടത്താനാകാതെ നീക്കുന്ന പഴകിയ ബോട്ടുകളാണ് വൈക്കത്ത് സർവീസിനെത്തിക്കുന്നത്.
കായൽ ദൂരം കൂടിയ ഫെറിയിൽ 20 മിനിട്ട് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. ദിനംപ്രതി ആറായിരത്തോളം ആളുകൾ മറുകര കടക്കുന്ന ഇവിടെ നിന്ന് ദിവസേന ജലഗതാഗതവകുപ്പിന് 25000ലധികം രൂപ വരുമാനമുണ്ട്. വർഷകാലത്ത് കാറ്റുംമഴയും ശക്തമാകുന്പോൾ പഴകിയ ബോട്ടുകളിലെ യാത്ര വളരെ ഭീതിജനകമാണ്.
കായലിലെ മണ്കൂനകളിൽ യന്ത്ര തകരാറുണ്ടായി പഴയ ബോട്ടിടിച്ചു നിൽക്കുന്പോഴും ഭാഗ്യം കൊണ്ടാണ് ദുരന്ത മൊഴിവാകുന്നത്. നിത്യേന മറുകര കടക്കുന്നവർക്ക് പുറമെ കൗതുകത്തിന് ബോട്ടുയാത്ര നടത്തുന്നതിനു ദൂരെ സ്ഥലങ്ങളിൽ നിന്ന് സ്കൂൾ കുട്ടികൾ, കുടുംബങ്ങൾ തുടങ്ങി നിരവധി പേർ വൈക്കത്ത് എത്തുന്നുണ്ട്.
വെള്ളത്തിൽ പരിചയമില്ലാത്തവർ കൂടുതലായി യാത്ര ചെയ്തു വരുന്ന സാഹചര്യത്തിൽ പുതിയ ബോട്ടുകൾ ലഭ്യമാക്കി ജീവൻ രക്ഷാ ഉപാധികൾ ഉറപ്പാക്കാക്കൊണ്ടുള്ള സുരക്ഷിത യാത്ര ഒരുക്കാൻ സർക്കാരിനു ഉത്തരവാദിത്തമുണ്ടെന്ന് യാത്രക്കാർ പറയുന്നു.
ജലഗതാഗതം കൂടുതൽ ആകർഷകമാക്കാനും സുരക്ഷിതമാക്കാനും സർക്കാർ പുതിയ ബോട്ടുകൾ നിർമിക്കാൻ പദ്ധതി തയാറാക്കിയ സാഹചര്യത്തിൽ ജലഗതാഗതവകുപ്പിനു ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന വൈക്കം -തവണക്കടവ് ഫെറിയിൽ പുതിയ ബോട്ടുകൾ സർവീസിന് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.