പരിയാരം(കണ്ണൂർ): കോഴിക്കോട് മുക്കം സ്വദേശിയായ യുവാവിനെ പരിയാരം ഔഷധിക്ക് സമീപത്തെ പരിചയക്കാരായ യുവതിയുടെ വീട്ടു വരാന്തയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യും. മുക്കം കുമാരനെല്ലൂരിലെ മാന്തറ നാരായണന്റെ മകന് ടൂറിസ്റ്റ് ബസ് ഡ്രൈവറായ എം.നിതീഷിനെ (26) യാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ വൈകുന്നേരം തന്നെ നീതീഷിന്റെ ബന്ധുക്കള്‍ പരിയാരത്ത് എത്തിയിട്ടുണ്ട്. സ്ഥിരമായി നിതീഷ് ഒരു യുവതിയെ ഫോണില്‍ വിളിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നത് കേട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും ഇന്നലെ തീര്‍പ്പാക്കുമെന്ന് അടുത്ത സുഹൃത്തിനോട് പറഞ്ഞാണ് നിതീഷ് ഇന്നലെ പരിയാരത്ത് എത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ തന്നെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചുകിടന്ന വീട്ടിലെ താമസക്കാരേയും പരിചയക്കാരിയായ യുവതിയേയും പോലീസ് ചോദ്യം ചെയ്യും. ബന്ധുക്കള്‍ എത്താത്തതിനാല്‍ ഇന്നലെ ഇന്‍ക്വസ്റ്റ് നടന്നിരുന്നില്ല.
ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ എസ്ഐ കെ.രമേശന് പറഞ്ഞു. സോഡിയം സയനേഡ് എന്ന വിഷവസ്തുവാണ് നിതീഷ് കഴിച്ചതെന്നും വിഷത്തിന്റെ ബാക്കി മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വയനാട് കാട്ടിക്കുളത്തെ ആദിവാസി വൈദ്യന്റെ ചികിത്സയ്ക്കായി ഏഴ് മാസത്തോളം വാടക ക്വാര്‍ട്ടേഴ്സില്‍ അടുത്തടുത്ത് താമസിച്ച പരിചയം വെച്ചാണ് നിതീഷ് പരിയാരത്തെ യുവതിയുടെ വീടുതേടിയെത്തിയതെന്ന് പോലീസ് പറഞ്ഞു.