പെൻസിൽവാനിയ: ഡ്യൂട്ടി സമയത്ത് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തതിനു പെൻസിൽവാനിയ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു.
ബ്ലസ്ഡ് വെർജിൻ മേരി കാത്തലിക്ക് ചർച്ച് സർവീസിൽ രണ്ടു തവണയാണ് മിഡിൽടണ് പട്രോൾ ഓഫീസർ മാർക്ക് ഹൊവൻ പങ്കെടുത്തത്. പത്തു ദിവസത്തെ സസ്പെൻഷനാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ ഇതു തന്റെ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് മാർക്ക് വാദിക്കുന്നത്.
20 വർഷമായി പോലീസ് ഓഫീസറായി പ്രവർത്തിക്കുന്ന മാർക്കിന് ഇതിനു മുൻപ് പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇപ്പോൾ ചുമതലയേറ്റ പോലീസ് ചീഫ് ജോർജ്, മാർക്കിന് മുന്നറിയിപ്പു നൽകിയിരുന്നു. ഡ്യൂട്ടി സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സമയം ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുമുണ്ട്. പോലീസ് ഡിപ്പാർട്ട്മെന്റ് ചാർജ്ജു വഹിച്ചിരുന്ന മുൻ മേയർ റോബർട്ട് റീസ് പോലീസ് ഓഫീസർക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ഡ്യൂട്ടിക്ക് തടസമാകില്ലെന്നാണ് മേയറുടെ അഭിപ്രായം. പത്തു ദിവസത്തെ സസ്പെൻഷനുശേഷം ജോലിയിലേക്ക് തിരിച്ചുവരാനാകുമെന്നാണ് മാർക്ക് പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ