കുമരകം: വേന്പനാട്ടു കായലിന്റെ പ്രശാന്തസുന്ദരമായ തീരത്തെ റിസോർട്ടിൽ ബ്രിട്ടീഷ് യുവാവും യുവതിയും വിവാഹിതരായി. ദക്ഷിണ കർണാടകത്തിലെ ഹിന്ദു ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. കുമരകം ലേക് സോംഗ് റിസോർട്ടാണ് ഈ അപൂർവ വിവാഹത്തിന് വേദിയായത്.
ഫിനാൻസ് മേഖലയിൽ ജോലിക്കാരായ ടിമും ദീപയുമാണ് കുമരകം ലേക് സോംഗ് റിസോർട്ടിൽ കായലോരത്ത് പ്രത്യേകം തയാറാക്കിയ വിവാഹമണ്ഡപത്തിൽ ഇന്നലെ രാവിലെ 10.30-ന് വരണമാല്യം ചാർത്തിയത്. 28കാരായ വരനും വധുവും രക്ഷകർത്താക്കളും പ്രകൃതി ഭംഗിയിൽ ആകൃഷ്ടരായാണ് വിവാഹത്തിന് കുമരകം തെരഞ്ഞെടുത്തത്.
വരന്റെ പിതാവായ ഇയാൻ മാക്ലെല്ലെൻഡും അമ്മ ഡെന്നീസ് സ്റ്റുവർട്ടും ബന്ധുക്കളും 13-ന് വൈകുന്നേരമാണ് റിസോർട്ടിൽ എത്തിയത്. വധുവിന്റെ അച്ഛൻ സന്തോഷ് അനിക്കണ്ടിയും അമ്മ മീര അനിക്കണ്ടിയും 14-നാണ് എത്തിച്ചേർന്നത്.
ദക്ഷിണ കർണാടകത്തിലെ ഹിന്ദുബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. 15-ന് വൈകുന്നേരം വിവാഹത്തിലെ ആദ്യചടങ്ങായ സംഗീത വിരുന്നും നടത്തി.ഇന്നലെ ഉച്ചയ്ക്ക് വിവാഹാനന്തരം പരന്പരാഗത കേരളീയ ശൈലിയിൽ വാഴയിലയിൽ ഊണ് ഒരുക്കിയതും യൂറോപ്യൻ സംഘത്തിന് വേറിട്ട അനുഭവമായി. ഇന്നലെ രാത്രിയിൽ യൂറോപ്യൻ ഭക്ഷണമാണ് 200 അംഗ വിവാഹ പാർട്ടിക്കായി വിളന്പിയത്. നവവരനും വധുവും ലേക്ക് സോംഗ് റിസോർട്ടിനുള്ളിലൂടെ പ്രത്യേകം അണിയിച്ചൊരുക്കിയ ബൈക്കിലും കുതിരവണ്ടിയിലും സവാരി ചെയ്തെങ്കിലും വള്ളത്തിൽ കയറി യാത്ര ചെയ്യുന്നതിന് ധൈര്യം കാണിച്ചില്ല.