കട്ടപ്പന: കഫ് സിറപ്പാണെന്ന് കരുതി യൂക്കാലി തൈലം കുടിച്ച നാലര വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയ്യപ്പൻകോവിൽ സ്വദേശിയായ കുട്ടിയാണ് അബദ്ധത്തിൽ യൂക്കാലി തൈലം കഴിച്ച് ആശുപത്രിയിലായത്.
കുട്ടിക്ക് കടുത്ത പല്ലുവേദന അനുഭവപ്പെട്ടതിനെതുടർന്ന് അമ്മ പല്ലിൽ വയ്ക്കാൻ യൂക്കാലി തൈലം കുപ്പിയിൽ കൊണ്ടുവന്നു കുട്ടിയുടെ സമീപം വച്ചശേഷം പഞ്ഞിയെടുക്കാൻ പോയി. ഈ സമയം കുട്ടിയുടെ ശ്രദ്ധയിൽ യൂക്കാലി തൈലം പെടുകയും കഫ് സിറപ്പാന്നെന്ന് കരുതി കഴിക്കുകയുമായിരുന്നു. അമ്മ എത്തിയപ്പോൾ കുട്ടി അസ്വസ്ഥത കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടരെ ഛർദ്ദിക്കുകയും കുടുതൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടി സുഖം പ്രാപിച്ചുവരുന്നു.