വാഴക്കുളം: നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പിഡബ്ല്യുഡിയുടെ പുതിയ കുഴിയടയ്ക്കൽ തന്ത്രം.നടുക്കരയിൽ ഹൈടെക് നഴ്സറി ഉദ്ഘാടനത്തിന് ഇന്നലെ മുഖ്യമന്ത്രി വരുന്നതു പ്രമാണിച്ചാണ് പിഡബ്ല്യുഡി പുതിയ തന്ത്രവുമായി രംഗത്തെത്തിയത്.
പുതിയ രീതിയിൽ ഇന്നലെ റോഡിലെ കുഴിയടയ്ക്കൽ തകൃതിയായാണ് നടന്നത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ആവോലി, വാഴക്കുളം ഭാഗത്തെ കുഴികളാണ് ഈ രീതിയിൽ നികത്തിയത്. ടാറിംഗ് പോലെ തോന്നിക്കുന്ന ദ്രാവകം ഒഴിച്ച് മുൻ കൂട്ടി തയാറാക്കി കൊണ്ടുവരുന്ന മിശ്രിതം കുഴികളിൽ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത്. എന്നാൽ കുഴികളിൽ മിശ്രിതം ഇടുന്നതല്ലാതെ റോഡ് റോളർ കയറ്റി ഉറപ്പിക്കുന്നില്ല.
ടിപ്പർ ലോറിയിൽ മിശ്രിതം കൊണ്ടുവന്ന് കുഴികളിലിട്ട ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ ചവിട്ടി ഉറപ്പിക്കുകയായിരുന്നു. ഇതു വീണ്ടും കുഴി രൂപപ്പെടാൻ കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. നടുക്കര കന്പനിക്കു സമീപം മാസങ്ങളായി തകർന്നു കിടന്ന റോഡ് മന്ത്രിയെത്തുന്നതു പ്രമാണിച്ച് കഴിഞ്ഞ ദിവസം നിരപ്പാക്കി സോളിംഗും നടത്തിയിരുന്നു.