ആലുവ: ജനസേവ ശിശുഭവനിലെ ചിന്നു എന്ന അന്തേവാസി കൂടി മംഗല്യവതിയായി. പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രസന്നിധിയിൽ നടന്ന വിവാഹചടങ്ങിൽ ചെയർമാൻ ജോസ് മാവേലി, വരനായ ഹരീഷ് ബേബിക്കു ചിന്നുവിനെ കൈപിടിച്ചു കൊടുത്തു. ജനസേവ ശിശുഭവനിലെ അംഗങ്ങളും വരന്റെ ബന്ധുമിത്രാദികളുമടക്കം അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. കൈതാരം വൈലോപ്പള്ളി ബേബി-ബീന ദന്പതികളുടെ മകനാണു ഹരീഷ് ബേബി.
ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വധുവാക്കണമെന്ന ഹരീഷിന്റെ ആഗ്രഹമാണു വിവാഹത്തിലൂടെ പൂവണിഞ്ഞത്. ഇടപ്പള്ളിയിലുള്ള ഒരു ഷെയർ മാർക്കറ്റിംഗ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഹരീഷ്. 2007 സെപ്റ്റംബറിൽ ചിന്നുവിന്റെ പിതാവ് സന്തോഷ് ഡൽഹിയിൽ ജോലി ചെയ്യവെ അപകടത്തിൽ മരിച്ചു.
ഇതോടെ ചിന്നുവിന്റെ കുടുംബം വഴിമുട്ടിയ അവസ്ഥയിലായി. അമ്മ മായ 2015ലാണു ചിന്നുവിനെ ജനസേവ ശിശുഭവനിൽ എത്തിച്ചത്. ഇളയമകനായ സൂരജിനെ ആറൻമുള ശബരീബാലാശ്രമത്തിലാണ് ചേർത്തിരിക്കുന്നത്. ചിന്നു ഹയർസെക്കൻഡറി കഴിഞ്ഞു തയ്യൽജോലി പരിശീലിച്ചുവരികെയാണു യാദൃശ്ചികമായി മംഗല്യഭാഗ്യം കൈവന്നത്.