രാഷ്ട്രീയകേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒന്നായിരുന്നു കേരളകോണ്‍ഗ്രസ് (എം) കോട്ടയത്ത് നടത്തിയ സംസ്ഥാന സമ്മേളനം. ശത്രുക്കളും മിത്രങ്ങളും ഒരുപോലെ കാത്തിരുന്ന ‘ആ പ്രഖ്യാപനം’ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയില്‍ നിന്നുണ്ടായില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണയുണ്ടാവുകയും അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് അണികള്‍ക്ക് ലഭിച്ചു.
മാണിസാറിന്റെ ആ വലിയ പ്രഖ്യാപനത്തെ കാതോര്‍ത്തിരുന്ന അനേകായിരങ്ങളില്‍ പ്രധാനിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് എല്ലാവര്‍ക്കുമറിയാം. കേരളകോണ്‍ഗ്രസിന്റെ സമ്മേളനം അവസാനിച്ച് ഉടന്‍തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതായി ഫേസ്ബുക്കില്‍ ഒരു അഭിപ്രായപ്രകടനം പ്രത്യക്ഷപ്പെട്ടു. കെഎം മാണിയെ എല്‍ഡിഎഫില്‍ എടുക്കേണ്ട സാഹചര്യമില്ലെന്നും മാണി എല്‍ഡിഎഫിലേയ്ക്ക് വരണമെന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തോ അപകടമുണ്ടെന്നുമാണ് കാനം പറഞ്ഞത്. മാണിയെ സ്വീകരിച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച കാനം, ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം, എന്നാല്‍, മാണിയെ വേണ്ടെന്ന് തറപ്പിച്ച് പറയുകയും ചെയ്തു.
എന്നാല്‍ ഫേസ്ബുക്കിലെ തന്റെ ആ പോസ്റ്റ് തിരിച്ചടിയാവുന്ന കാഴ്ചയാണ് പിന്നീട് കാനത്തിന് കാണേണ്ടിവന്നത്. കാരണം മറ്റൊന്നുമല്ല, അനുയായികളില്‍ നിന്നും അണികളില്‍ നിന്നും പിന്തുണയും അഭിനന്ദനവും പ്രതീക്ഷിച്ച് കാനം ഇട്ട പോസ്റ്റിന് താഴെ ട്രോളുകളുടെ ചാകരയാണ് വന്നടിഞ്ഞുകൊണ്ടിരുന്നത്. മാണി വരുന്നതിനെ കാനം ഭയക്കുന്നത് തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നതുകൊണ്ടാണോയെന്നും ആരെ തള്ളണം ആരം കൊള്ളണം എന്നൊക്കെ തീരുമാനിക്കാന്‍ താങ്കള്‍ ആരാണ് തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. സ്വന്തം പാര്‍ട്ടിയില്‍ നേതാവിന് ആത്മവിശ്വാസമില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
കെഎം മാണിയെ എതിര്‍ത്തുകൊണ്ടുള്ള കാനത്തിന്റെ പോസ്റ്റിനെ കളിയാക്കി നൂറുകണക്കിനാളുകള്‍ രംഗത്തെത്തിയെങ്കിലും അതില്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് കേരളകോണ്‍ഗ്രസ് അനുഭാവികള്‍ എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. കെഎം മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എതിര്‍ക്കുന്നവര്‍ പോലും കാനത്തെ അനുകൂലിച്ചില്ല എന്നതാണ് അദ്ദേഹത്തിന് കൂടുതല്‍ തിരിച്ചടിയായത്.