മൂവാറ്റുപുഴ: ഉല്ലാസത്തിനായി പാർക്കിലെത്തുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുയരുന്നു. നഗരസഭ പാർക്കിൽ കുട്ടികളുടെ പെരുമാറ്റം ഫോണിൽ പകർത്തി പ്രചരിപ്പിക്കുന്നതും ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ പതിവാകുന്നുവെന്നാണ് ആക്ഷേപം.
നിരവധി വിദ്യാർഥിനികളുൾപ്പെടെയുള്ളവർ പാർക്കിൽ നിത്യേനയെത്തുന്നുണ്ട്. ഇടതൂർന്ന കാട് പോലുള്ള പാർക്കിന്റെ ചില ഭാഗങ്ങളിൽ തന്പടിക്കുന്ന വിദ്യാർഥികൾ അടുത്തിടപഴകുന്ന രംഗങ്ങൾ സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നു മൊബൈലിലും വീഡിയോ കാമറകളിലും പകർത്തി പ്രചരിപ്പിക്കുകയാണ്.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർഥികളെ വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകിയെങ്കിലും ഇതിപ്പോഴും തുടരുന്നുണ്ട്. കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിന്റെയും കൈമാറ്റത്തിന്റെയും കേന്ദ്രമായും പാർക്ക് മാറിയിട്ടുണ്ട്.
സ്കൂളിലും കോളജിലും പോകാതെ പാർക്കിലെത്തുന്ന വിദ്യാർഥികളെയും ലഹരി മരുന്നുപയോഗിക്കുന്നവരെയും നിരീക്ഷിക്കാനും പിടികൂടാനും ഇവിടെ ആരുമില്ലാത്ത സ്ഥിതിയാണ്. നഗരത്തിലും സമീപത്തുമുള്ള സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളാണ് പ്രധാനമായും പാർക്കിൽ എത്തുന്നത്.
ചില വാട്സാപ് ഗ്രൂപ്പുകളിൽ പാർക്കിൽ നിന്നുള്ള വീഡിയോകൾ പുറത്തു വന്നതോടെയാണ് പാർക്കിലെത്തുന്ന കുട്ടികളുടെ വീഡിയോ പകർത്തുന്ന വിവരം പുറത്തായത്. കുട്ടികളുടെ ഭാവിയെപോലും ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ മൂവാറ്റുപുഴ പൗരസമിതി നഗരസഭാധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.