ആരും വിശ്വസിക്കരുത്, സത്യവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്- ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത്ത് പറയുന്നു. ഫ്രഞ്ചുകാരനായ ആണ് സുഹൃത്തിനൊപ്പം പാരീസിലൊരു അപ്പാർട്ട്മെന്റിൽ താമസിക്കുകയാണ് മല്ലിക ഇപ്പോൾ. അടുത്തിടെ അപ്പാർട്ട്മെന്റിലെ ലോബിയിൽ നിൽക്കവേ മല്ലികയേയും ആണ് സുഹൃത്തായ സിറിൽ ഓക്സണ്ഫാൻസിനെയും അജ്ഞാതരായ അക്രമി സംഘം ആക്രമിച്ചിരുന്നു.
ഇപ്പോഴിതാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന വകയിൽ വാടക കുടിശിക വരുത്തിയതിന് അപ്പാർട്ട്മെന്റ് ഒഴിയണമെന്ന് കാട്ടി കോടതിയുടെ നോട്ടീസ് കിട്ടിയിരിക്കുകയാണ് മല്ലികയ്ക്കും ഭർത്താവിനും. 64ലക്ഷം രൂപയോളമാണ് ഇവർ കുടിശിക വരുത്തിയിരിക്കുന്നത്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണത്രേ ഇവർ. ഇതുസംബന്ധിച്ച വാർത്ത പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാലിപ്പോൾ ഈ വാർത്തകളെല്ലാം മല്ലിക നിഷേധിക്കുകയാണ്.
പാരീസിൽ എനിക്ക് അപ്പാർട്ട്മെന്റ് ഇല്ല. പിന്നെങ്ങനെ വാടക കുടിശിക വരും. എനിക്കാരും നോട്ടീസ് അയച്ചിട്ടില്ല. എന്റെ പേരിൽ ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ഞാനിപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. മുന്പ് ഞാൻ ലോസ് ആഞ്ചലസിൽ എന്റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. സിറിളുമായി എനിക്കുള്ളത് സൗഹൃദം മാത്രമാണ്. ഞങ്ങൾ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയാണെന്ന വാർത്തയും തെറ്റാണ്-മല്ലിക പറയുന്നു.