വലപ്പാട്: സലഫിക്കിനി ഇഷ്ടം പോലെ കളിക്കാം, കാലിൽ കയറുണ്ടാവില്ല. ചീറിപ്പായുന്ന വണ്ടികളേയും തെരുവുനായ്ക്കളേയും പേടിക്കാതെ ചേച്ചി സല്മയ്ക്കൊപ്പം പിച്ചവയ്ക്കാം. റോഡരികിലെ താമസത്തിൽ നിന്നും വലപ്പാട് എസ്ഐയും സംഘവും ഒരുക്കിയ വീട്ടിൽ ഇനി അന്തിയുറങ്ങാം. വലപ്പാട് ഗവ. ഹൈസ്ക്കൂളിനു സമീപത്തെ റോഡിനോട് ചേർന്നുള്ള ഗെയിറ്റിൽ ഒന്നര വയസുകാരിയായ സലഫിയെ കെട്ടിയിട്ടാണ് അമ്മ കദീജാബീവി തുണിയലക്കാനും, വെള്ളം ശേഖരിക്കാനും മറ്റും പോയിരുന്നത്.
രണ്ടു മീറ്ററോളം നീളമുള്ള തുണി ചരടു കൊണ്ട് ഒരറ്റം ഗെയ്റ്റിലും മറ്റേ അറ്റം കുഞ്ഞിന്റെ ഒരു കാലിലും കെട്ടും. ഓരോ കാഴ്ചകൾ കാണുന്പോഴും കുഞ്ഞ് അതിനടുത്തേക്ക് ഓടാൻ ശ്രമിക്കുകയും ചരടിന് നീളം കുറവായതിനാൽ ഓടി വീഴുകയും ചെയ്യുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. ജോലി കഴിഞ്ഞ് അമ്മ മടങ്ങിയെത്തുന്നതു വരെ സലഫി ആ ചെറിയ ലോകത്തിൽ ഓടി നടക്കും.
ഈ വിവരം അറിഞ്ഞാണ് വലപ്പാട് എസ്ഐ ഇ.ആർ. ബൈജുവും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയത്. വലപ്പാട് ആനവിഴുങ്ങി കോളനിയിലെ മുല്ലയ്ക്കൽ കദീജാബി – ദർവേശ് ദന്പതികളുടെ ഇളയമകളാണ് സലഫിയ. പ്രദേശത്ത് ഒരു ഫ്ളാറ്റിലും പല വീടുകളിലുമായി ഇവരും പെണ്മക്കളായ സൽമ ഫാരീസും സലഫിയും കഴിഞ്ഞിരുന്നത്.
സാന്പത്തിക പ്രശ്നങ്ങൾ ജീവിതത്തെ ഞെരുക്കിത്തുടങ്ങിയിരുന്നു. വാഹനങ്ങളിൽ ക്ലീനറായും മറ്റു കൂലിപ്പണികൾ ചെയ്തും ദർവേഷും ലോട്ടറി വിൽപ്പന നടത്തി കദീജാബിയും ചേർന്ന് കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കുന്പോഴാണ് അസുഖങ്ങൾ തിരിച്ചടിയായത്. വാടക കൊടുക്കാനില്ലാതായതോടെ കടത്തിണ്ണയിലേക്ക് ഇവരുടെ ജീവിതം വഴിമാറി. ഇതോടെ ഇവരുടെ മൂന്ന് വയസ്സുകാരനായ മൂത്ത മകൾ സൽമയെ ഭർത്താവ് ദർവേഷിന്റെ മാതാപിതാക്കളാണ് സംരക്ഷിക്കുന്നത്. ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ തുകയ്ക്ക് ഇവർ ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങി കഴിക്കും. വലപ്പാട് ഗവ. സ്കൂൾ പരിസരത്തെ കടത്തിണ്ണയിലാണ് കുറച്ചുനാളുകളായി ഇവർ കഴിയുന്നത്.
ഇവരെ കണ്ടെത്തിയ ഉടനെ തന്നെ സ്റ്റേഷനിലേക്ക് മാറ്റി ഭക്ഷണവും മറ്റും നൽകി. കുഞ്ഞിനെയും കുടുംബത്തെയും വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളുമായി വൈകുന്നേരത്തോടെ തന്നെ തത്ക്കാലമായി വലപ്പാടിലെ ഒരു വീട്ടിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. സുമനസ്സുകളെ കണ്ടെത്തി ഇവർക്ക് സ്വന്തമായി ചെറിയ വീടും സ്ഥലവും, സ്ഥിരവരുമാനവും, നല്ല ചികിത്സയും സംഘടിപ്പിച്ചു പുതിയ ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറ്റുവാനുള്ള ശ്രമത്തിലാണ് പോലീസും, സന്നദ്ധ പ്രവർത്തകരും, സഹപാഠികളും, നാട്ടുകാരും.
വലപ്പാട് എസ്ഐ ഇ.ആർ. ബൈജു, എസ്സിപിഒ ഹബീബ് കെ.എ, ഹോം ഗാർസ് വേണുഗോപാൽ, പോലീസ് കെയർ കമ്മിറ്റി അംഗം ഷെമീർ എളേടത്ത്, വാർഡ് അംഗം തുളസി സന്തോഷ്, ജയൻ ബോസ്, മിഷോ, റിഹാസ്.എം.എ, ഷംസുദ്ധീൻ.പി.എം, ജസ്ന രാജൻ, രേവതി കൃഷ്ണ, കെ.ടി.ഡി. ദിലീപ്, എന്നിവർ നേതൃത്വം നൽകി.