കണ്ണൂർ: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ നവംബറിൽ നടന്ന ഡിസിസി യോഗത്തിൽ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരേ വിമർശനം ഉന്നയിച്ച ജില്ലാ ഭാരവാഹിയായ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് പാർട്ടിക്കകത്ത് പുതിയ ചർച്ചയാകുന്നു. പാർട്ടികമ്മിറ്റിയിൽ ഒന്നിൽ കൂടുതൽ പേർ നേതൃത്വത്തെ വിമർശിച്ചിരുന്നെങ്കിലും ഒരാൾക്കു മാത്രമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസിനകത്തെ ഗ്രൂപ്പ് കളിയുടെ ഭാഗമായി ചിലരെ ഒതുക്കാനുള്ള ഗൂഢതന്ത്രമാണ് കാരണം കാണിക്കൽ നോട്ടീസിനു പിന്നിലെന്നും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ ഡിസിസി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയയായപ്പോഴാണ് നേതൃത്വത്തിന്റെ നിലപാടുകളെ ഒരു ജില്ലാ നേതാവ് വിമർശിച്ചത്. നേരത്തെയുണ്ടായിരുന്ന ഡിസിസിയുടെ സ്വന്തം സ്ഥലത്തെ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് വർഷങ്ങളായിട്ടും പുതിയ ഓഫീസ് യാഥാർഥ്യമാകാത്തതിനെ കുറിച്ചായിരുന്നു പാർട്ടി യോഗത്തിൽ വിമർശനം ഉയർന്നത്. വ്യാപാര സമുച്ഛയവും ഓഫീസും നിർമിക്കാനവായിരുന്നു നേരത്തെ ഡിസിസി തീരുമാനിച്ചത്.
എന്നാൽ വ്യാപാര സമുച്ഛയത്തിലുള്ള പാർട്ടി ഓഫീസ് എന്നത് പാർട്ടി ശരിയല്ലെന്നും പാർട്ടി ഓഫീസിന്റെ സ്വകാര്യതയക്ക് ചേരുന്നതല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതേ തുടർന്നു വ്യാപാര സമുച്ഛയ പദ്ധതി ഒഴിവാക്കി ആധുനിക സംവിധാനത്തോടെ പാർട്ടി ഓഫീസ് പണിയാനും തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മരവിപ്പിച്ചു കൊണ്ടു വീണ്ടും വ്യാപാര സമുച്ഛയത്തോടു കൂടിയുള്ള പാർട്ടി ഓഫീസ് നിർമിക്കാൻ അണിയറ നീക്കം നടക്കുന്നതായാണ് ഡിസിസി യോഗത്തിൽ ആരോപണം ഉയർന്നത്.
എൻ. രാമകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ പ്രവർത്തകരിൽ നിന്നും ഒരു രൂപ വീതം പിരിച്ചെടുത്ത് നിർമിച്ച പാർട്ടി ഓഫീസാണ് വർഷങ്ങൾക്കു മുന്പ് പൊളിച്ചത്. ഇവിടെ എല്ലാവിധ സൗകര്യത്തോടും കൂടിയ ഓഫീസ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു കെട്ടിടം പൊളിക്കുന്പോൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഓഫീസ് നിർമാണം പൂർത്തിയാക്കാതെ വാടകകെട്ടിടത്തിൽ ജില്ലാ ഓഫീസ് പ്രവർത്തിപ്പിക്കേണ്ടി വരുന്നത് എൻ. ആറിനെ അപമാനിക്കലാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
ഇതുവരെയുള്ള നിർമാണത്തിന്റെ കണക്കുകൾ സംബന്ധിച്ചു സംശയം ഉയർത്തുകയും കണക്കുകൾ സുതാര്യമല്ലെന്നും വിമർശനവും ഉയർന്നു. ഇതേ തുടർന്ന് യോഗം ബഹളത്തിൽ കലാശിക്കുകയും പ്രസിഡന്റും മുതിർന്ന നേതാക്കളും ഇടപെട്ട് ചർച്ച അവസാനിപ്പിക്കുകയുമായിരുന്നു. പാർട്ടി കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ഒരു നേതാവിനെതിരേ കാരണം കാണിക്കൽ നോട്ടീസ് അയച്ചത് ജനാധിപത്യ പാർട്ടിക്ക് യോജിക്കാത്തതാണെന്ന് പാർട്ടിക്കകത്തെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.
പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും ഇതേ അഭിപ്രായമാണുള്ളത്. പാർട്ടി ഓഫീസ് നിർമാണ ഫണ്ടിലേക്കു ജോലിയുള്ള കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ശന്പളത്തിന്റെ പത്തുശതമാനം തുക സംഭാവനയായി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നടക്കുന്നതിനിടെയാണ് ജില്ലാ നേതാവിനെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഫണ്ട് ശേഖരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെയും ഇത് പിറകോട്ടടിപ്പിക്കാനാണ് സാധ്യതയെന്നും പ്രവർത്തകർ പറയുന്നു. പാർട്ടി ഓഫീസ് എന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ നേതാക്കളിൽ പലരും ഇപ്പോഴും തയാറായിട്ടില്ലെന്നാണ് സാധാരണ പ്രവർത്തരിൽ ഒരു വിഭാഗം പറയുന്നത്. നേതൃത്വത്തെയും നേതൃത്വത്തെ നിയന്ത്രിക്കുന്നവരെയും വിമർശിച്ചാൽ അനുഭവം ഇതായിരിക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകുന്ന സന്ദേശമെന്നും പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.