തൃശൂർ: ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ വെള്ളി നേടിയപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ നിഹാൽ സരിനു സ്വർണം. അഹമ്മദാബാദിലെ കർണാവതി ക്ലബിൽ നടന്ന ചാമ്പ്യൻഷിപ്പിലെ മൂന്നാം ബോർഡിൽ ഏഴു ഗെയിമുകളിൽ നിന്ന് 5.5 പോയിന്റ് നേടിയാണ് നിഹാൽ സ്വർണനേട്ടത്തിലെത്തിയത്. നാലാം ബോർഡിൽ കളിച്ച സഹതാരം പി. ഇനിയനും സ്വർണം നേടി. ഇരുവരുടെയും മികവിൽ 13 പോയിന്റുമായാണ് ഇന്ത്യൻ ടീം ഒളിമ്പ്യാഡിൽ വെള്ളി നേടിയത്. 14 പോയിന്റുനേടിയ റഷ്യക്കാണ് കിരീടം.
ചാമ്പ്യൻഷിപ്പിൽ ഇരുപത് രാജ്യങ്ങൾ പങ്കെടുത്തിരുന്നു. നിഹാൽ സരിൻ, ആര്യൻ ചോപ്ര, പ്രഗ്നാനന്ദ, പി. ഇനിയൻ, വൈശാലി എന്നിവരടങ്ങുന്ന സംഘമാണ് ‘ഇന്ത്യ ഗ്രീൻ’ എന്ന പേരിൽ ചാമ്പ്യൻഷിപ്പിനിറങ്ങിയത്. മൂന്ന്, നാല് ബോർഡുകളിൽ കളിച്ച നിഹാലും ഇനിയനും മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ ബോർഡിലെയും വ്യക്തിഗത ചാമ്പ്യന്മാരെ നിർണയിച്ചപ്പോഴാണ് ഇരുവർക്കും സ്വർണം ലഭിച്ചത്.
കളിച്ച ഏഴു ഗെയിമുകൾ എല്ലാം ജയിച്ചാണ് നിഹാലിന്റെ നേട്ടം. ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തോടെ നിഹാലിന്റെ ലൈവ് റേറ്റിംഗ് 2524 ആയി ഉയർന്നു. തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥിയായ നിഹാൽ ഇന്റർനാഷണൽ മാസ്റ്റർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ചെസ് താരമാണ്.