ആലത്തൂർ: രേഖകളില്ലാതെ കടത്തിക്കൊണ്ടുവരികയായിരുന്ന ഒന്നരക്കോടിയുടെ സ്വർണം എക്സൈസ് സംഘം പിടികൂടി. കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവുമാണു ദേശീയപാത ചിതലി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ മുംബൈയിൽനിന്നും തൃശൂരിലേക്ക് കടത്തികൊണ്ടു വരികയായിരുന്ന 5.596 കിലോഗ്രാം സ്വർണം പിടികൂടിയത്.
വിപണിയിൽ ഒന്നരക്കോടി രൂപ വിലയുള്ളതാണു പിടിച്ചെടുക്കപ്പെട്ട സ്വർണം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കെഎസ്ആർടിസി ബസിൽ വരികയായിരുന്ന മുംബൈ സ്വദേശിയായ പുക്ക്രാജ് മഞ്ഞിലാൽട്ടി സഞ്ചെട്ടി എന്ന യാത്രക്കാരനിൽ നിന്നുമാണു സ്വർണം പിടിച്ചത്. ഇയാളെ ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്റ്സ് സ്ക്വാഡിനു കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.പി. രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ രജീഷ് കുമാർ, മുഹമ്മദ് റിയാസ്, സീനിയർ എക്സൈസ് ഓഫീസർ പ്രമോദ്, വനിതാ സീനിയർ എക്സൈസ് ഓഫീസർ സ്മിത, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.