ഇമ്മിണി ബല്ല്യ തുമ്പിക്കാര്യം

തുമ്പികളെക്കൊണ്ടു കല്ലെടുപ്പിച്ചിരുന്ന കുട്ടിക്കാലം ഇന്നും നമ്മുടെയെല്ലാം ഉള്ളില്‍ ചിറകടിക്കുന്ന മനോഹരമായ ഓര്‍മകളാണ്. ആ ചിറകടിയുടെ മനോഹാരിത തന്റെ കാമറക്കണ്ണുകളിലൂടെ പകര്‍ത്തി ശ്രദ്ധേയനാവുകയാണ് ജോര്‍ഡിന്‍ മാത്യു എന്ന ചെറുപ്പക്കാരന്‍. ഇടുക്കി സ്വദേശിയായ ജോര്‍ഡിന്‍ പകര്‍ത്തിയ ‘ഡ്രാഗണ്‍ ഫ്ളൈ’ എന്ന ഡോക്യുമെന്ററി ലക്ഷക്കണക്കിനു പ്രേക്ഷകരാണ് ഇതിനോടകം കണ്ടത്.

കണ്ണില്‍ നിറഞ്ഞ കൗതുകം
അവധിക്കു വിദേശത്തു നിന്ന് എത്തുന്ന അങ്കിള്‍ കൊണ്ടു വരുന്ന കളിപ്പാട്ടങ്ങള്‍ കാത്തിരുന്ന കുഞ്ഞു ജോര്‍ഡിന് കിട്ടിയത് അവന്‍ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു സമ്മാനമാണ്. ഒരു കാമറ! ഒപ്പം ആ കാമറയില്‍ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളും. നിമിഷങ്ങള്‍ നിശ്ചലമാക്കുന്ന വിദ്യ ആ കുഞ്ഞു മനസില്‍ ആഴത്തില്‍ പതിഞ്ഞു. അത് എത്തിനിന്നതോ, ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത സ്നേഹത്തിലും.

തുമ്പിക്കമ്പം
ചങ്ങനാശേരി സെന്റ് ജോസഫ് കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നതാണു തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നു ജോര്‍ഡിന്‍ പറയുന്നു. അവിടെ വെച്ചാണ് അവന്റെ കാമറക്കണ്ണുകളിലേക്ക് തുമ്പികള്‍ പറന്നു വന്നത്. കോളജില്‍ വച്ച് ഫോട്ടോ എടുക്കാനായി പുറത്തേക്ക് ഇറങ്ങിയ ജോര്‍ഡിന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ കണ്ടു. അവരെ ഫോക്കസ് ചെയ്യുന്നതിനിടയില്‍ ഫ്രെയിമില്‍ മൂന്നാമതൊരാള്‍ കയറിപ്പറ്റി- ഒരു തുമ്പി. ‘തുമ്പികള്‍ക്ക് ഇത്രയും ഭംഗിയുണ്ടെന്ന് അന്നാണ് എനിക്കു മനസിലായത്. നമുക്കു ചുറ്റുമുള്ള എല്ലാ ജീവികളും അതിമനോഹരമാണ്. പക്ഷേ എന്തുകൊണ്ടോ നാം പലപ്പോഴും അതു കാണുന്നില്ല. ഒറ്റ നോട്ടത്തില്‍ എല്ലാ തുമ്പികളും ഒരുപോലെയാണെന്നു തോന്നും. പക്ഷേ നിറത്തിലും രൂപത്തിലുമെല്ലാം അവര്‍ വ്യത്യസ്തരാണ്.’ ജോര്‍ഡിന്‍ പറഞ്ഞു. കോട്ടയത്തുള്ള ടൈസ് (ട്രോപിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍) എന്ന സംഘടനയിലൂടെയും ‘കേരളത്തിലെ തുമ്പികള്‍’ എന്ന പുസ്തകത്തിലൂടെയും അവന്‍ തുമ്പികളെ അടുത്തറിയാന്‍ തുടങ്ങി.

തുമ്പിക്കാര്യം
ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും മനോഹരം എന്നു പറഞ്ഞാണ് ജോര്‍ഡിന്‍ തുമ്പികളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്. കേരളത്തില്‍ 150ല്‍ അധികം തരം തുമ്പികളുണ്ടെങ്കിലും 75 ഇനം മാത്രമാണു നമ്മുടെ പരിസരങ്ങളിലുള്ളത്. ഉള്‍ക്കാടുകളില്‍ ചില പ്രത്യേക ഇനങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പലതും അന്യം നിന്നുപോയിട്ടുണ്ടാകാം എന്നാണ് ജോര്‍ഡിന്റെ അഭിപ്രായം. കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും വാലിലേയോ ചിറകിലേയോ ഒരു പുള്ളി പോലും അവയെ മറ്റൊരു ഇനം ആക്കിയേക്കാം. പ്രധാനമായും തുമ്പികളെ തരം തിരിച്ചിരിക്കുന്നതു പൂഴിത്തുമ്പിയെന്നും കല്ലന്‍ തുമ്പിയെന്നുമാണ്. ചിറകുകള്‍ ശരീരത്തോടു ചേര്‍ന്നിരിക്കുകയും കണ്ണുകള്‍ ഇരുവശത്തേക്കു മാറിയിരിക്കുകയുമാണെങ്കില്‍ അവ പൂഴിത്തുമ്പികളുടെ ഗണത്തില്‍പ്പെടും. എന്നാല്‍ കല്ലന്‍ തുമ്പികളുടെ ചിറകുകള്‍ അകന്നും കണ്ണുകള്‍ ചേര്‍ന്നും ആയിരിക്കും.

തുമ്പിപ്പെണ്ണേ
വളരെ രസകരമായാണു പെണ്‍തുമ്പികള്‍ ഇണയെ ആകര്‍ഷിക്കുന്നത്. പ്രിയപ്പെട്ടവളെ സ്വന്തമാക്കാന്‍ ആണ്‍തുമ്പികള്‍ തമ്മില്‍ സംഘട്ടനം പോലും ഉണ്ടാകാറുണ്ടത്രേ. സിനിമയിലെ പോലെ തന്നെ, വില്ലനെ തോല്‍പ്പിച്ചെത്തുന്നവനു നായിക സ്വന്തം. ശുദ്ധമായ ജലാശയങ്ങള്‍ക്ക് അരികിലാണ് ഇവരുടെ ആവാസ വ്യവസ്ഥ. ചിലയിനം തുമ്പികള്‍ വെള്ളത്തിലോ മണ്ണിലോ മുട്ടയിടുമെങ്കില്‍ മറ്റു ചിലര്‍ മരപ്പൊത്തിലാകും മുട്ടയിടുക. എങ്കിലും ഒരു തുമ്പിയുടെ ലാര്‍വാവസ്ഥ 18 ദിവസത്തോളം മണ്ണിനടിയില്‍ തന്നെയാകും.

തുമ്പിയെത്തേടി
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉള്‍ക്കാടുകളിലൂടെ ജോര്‍ഡിന്‍ സഞ്ചരിച്ച ദൂരം വളരെ വലുതാണ്. തുമ്പിയെ തേടിയുള്ള യാത്രകളില്‍ പ്രിയ സുഹൃത്തായ കാനോണ്‍ 550 ഡി കാമറയും കാണും. വാഗമണ്, അഞ്ചുരുളി, വയനാട്, കോഴിക്കോട്, ഇലവിഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളാണ് ഈ തുമ്പിപ്രേമിക്ക് ഏറെയിഷ്ടം. മാക്രോ മോഡില്‍ ജോര്‍ഡിന്‍ പകര്‍ത്തുന്ന ചിത്രം കാണുന്നവര്‍ ഒന്ന് അമ്പരക്കും, തുമ്പിയെ നേരില്‍ കണുകയാണോ എന്നോര്‍ത്ത്.

കുടുംബം, സൗഹൃദം
‘ഇന്നു ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടും മാതാപിതാക്കളോടും സുഹൃത്തുക്കളോടുമാണ്’ ജോര്‍ഡിന്‍ തുടര്‍ന്നു. ‘കാമറയുമെടുത്ത് ഞാന്‍ തുമ്പികള്‍ക്കു പിന്നാലെ പോയപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കി അച്ഛന്‍ മാത്യുവും അമ്മ നാന്‍സിയും ഒപ്പം ഉണ്ടായിരുന്നു. തളര്‍ന്നു പോകും എന്നു തോന്നിയ നിമിഷങ്ങളില്‍ സഹോദരന്‍ ജിനോയും സുഹൃത്തുക്കളും ധൈര്യ പകര്‍ന്നു. ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രഫര്‍ ആരെന്ന ചോദ്യത്തിനു ഒട്ടും ചിന്തിക്കാതെ ജോര്‍ഡിന്‍ ഉത്തരം നല്‍കി എന്‍.എ. നസീര്‍. കാരണവും അയാള്‍ തന്നെ പറഞ്ഞു ‘കാടിനെ നമ്മളിലേക്ക് എത്തിക്കാന്‍ അദ്ദേഹം നടത്തിയ പ്രയത്നങ്ങള്‍ എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. കാടിന്റെ ഭംഗി മുഴുവന്‍ ഒരു ഫ്രെയിമിനുള്ളില്‍ ഒതുക്കിയ ആ അതുല്യ പ്രതിഭയില്‍ നിന്നെനിക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു’. ജോര്‍ഡിന്റെ മനസില്‍ ഗുരുസ്ഥാനീയനാണ് എന്‍.എ. നസീര്‍ .
ജോര്‍ഡിന്‍ നടത്തിയ യാത്രകളും കണ്ട കാഴ്ചകളുമെല്ലാം അയാള്‍ ഡ്രാഗണ്‍ ഫ്ളൈ എന്ന ഡോക്യുമെന്ററിയിലൂടെ ലോകത്തെ കാണിച്ചു. റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും ഡ്രാഗണ്‍ഫ്ളൈക്ക് ആരാധകര്‍ ഏറെ. ഇപ്പോള്‍ ഈ തുമ്പിക്കഥകളും കാഴ്ചകളും തമിഴിലേക്കു പകര്‍ത്താനുള്ള ഒരുക്കത്തിലാണ് ജോര്‍ഡിന്‍.

അഞ്ജലി അനില്‍കുമാര്‍

 

 

 

Related posts