സ്വന്തം ലേഖകന്‍
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് കെട്ടടങ്ങിയിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായില്ല. തൊഴിലാളികളില്‍ ഭുരിഭാഗവും കടലില്പേകാന് തുടങ്ങിയെങ്കിലും മീന്‍ വില്‍പ്പന പഴയപോലെ നടക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. ആളുകള്‍ ഇപ്പോള്‍ മത്സ്യം വാങ്ങുന്നില്ല. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് ഇതിനു കാരണം.
ഒരുമാസത്തേക്ക് മീന്‍ കഴിക്കരുത് എന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാനും ശരീരം തടിച്ചുപൊന്താനും സാധ്യതയുണ്ടെന്നും തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ വില്‍പ്പന കുറയുന്നതായി വ്യാപാരികള്‍ പറയുന്നു. ചെറിയ മീനുകളും വലിയ മീനുകളും ഒരുപോലെ ആളുകള്‍ തിരസ്കരിക്കുന്ന അവസ്ഥയാണ്.
വീണ്ടും അന്നം തേടി കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ ബോട്ട് നിറയെ മത്സ്യവുമായാണ് മടങ്ങിയെത്തുന്നത്.മുമ്പുണ്ടായതിനേക്കാള്‍ വലിയ തോതില്‍ ഇവര്‍ക്കു മത്സ്യം ലഭിക്കുന്നുണ്ട്. മത്തിയും അയലയുമാണ് കൂടുതലായി ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഓഖി ആഞ്ഞടിച്ച ശേഷം മത്സ്യവിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ കടല്‍ കനിഞ്ഞെങ്കിലും വില കുത്തനെ താഴ്ന്നിരിക്കുകയാണ്.
കിലോയ്ക്കു 160 രൂപ വരെ ഉയര്‍ന്ന മത്തിക്ക് ഇപ്പോള്‍ 40 രൂപ മാത്രമേയുള്ളൂ. അയല വിലയിലും കുറവുണ്ടായിട്ടുണ്ട്. ഓഖിക്ക് മുമ്പ് കിലോയ്ക്ക് 200 രൂപ വരെയെത്തിയ അയലയ്ക്ക് 120രൂപയാണ് ഇപ്പോള്‍. ഹോട്ടലുകളിലും മത്സ്യക്കറികള്ക്ക് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. അയലയും മത്തിയും മാത്രമല്ല മറ്റു മത്സ്യങ്ങളും സുലഭമായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം, ഓഖി കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ബോട്ടുകള്‍ പൂര്‍ണ തോതില്‍ ഇനിയും കടലില്‍ പോകാന്‍ ആരംഭിച്ചിട്ടില്ല.
ചെറിയബോട്ടുകള് മാത്രമാണ് കടലിലിറങ്ങുന്നത്. മത്സ്യത്തിന് വില ഇല്ലാതെ റിസ്ക് എടുക്കേണ്ടെന്നാണ് പലരുടെയും തീരുമാനം. അതേസമയം അവസരം മുതലെടുത്ത് കോഴിയിറച്ചി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് 140 രൂപയില്‍ നിന്നു 160 ല്‍ എത്തികഴിഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ മീന്‍ കച്ചടക്കാര്‍ കോഴിപാര്ട്സും തൂക്കി വില്‍ക്കുന്നുണ്ട്.