ന്യൂഡൽഹി: വസ്തു ഇടപാടുകൾക്ക് ആധാർബന്ധനം നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രം. അങ്ങനെ ഒരു നിർദേശവും ഗവൺമെന്റിന്റെ പരിഗണനയിൽ ഇല്ലെന്നു ഭവന-നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ പറഞ്ഞു. എഴുതി നൽകിയ മറുപടിയിലാണിത്.
എന്നാൽ, ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുരി പറഞ്ഞു.
വസ്തു കൈമാറ്റവും ആധാറും ബന്ധിപ്പിക്കുന്നതിനു സമയപരിധി വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ആലോചന ഇല്ലാത്തതിനാൽ ആ ചോദ്യം ഉദിക്കുന്നില്ലെന്നാണു പുരി പറഞ്ഞത്. ബേനാമി സ്വത്തുക്കൾക്കെതിരേ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ആധാറും വസ്തു ഇടപാടുമായി ബന്ധിപ്പിക്കുമെന്നതിന്റെ സൂചനയായി പലരും കണക്കാക്കിയിരുന്നു.