മാവേലിക്കര: ഏഴുവയസുകാരനും പിതാവിനും നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. പോനകം കല്ലുകുഴിയിൽ പ്രദീപ്(38), മകൻ പ്രണവ്(ഏഴ്) എന്നിവരാണ് പുന്നമൂട് ജംഗ്ഷന് സമീപം മൂന്നംഗ സംഘത്തിന്റെ അക്രമണത്തിന് ഇരയായത്.
കോടതി ജംഗ്ഷനിൽ നിന്ന് ളാഹയിൽ ജംഗ്ഷനിലേക്ക് പോകുകയായിരുന്നു പ്രദീപും മകനും ഈ സമയം പിന്നാലെ വന്ന സംഘത്തിന്റെ വാഹനത്തിന് സൈഡ് നൽകാൻ വൈകിയെന്ന് ആരോപിച്ച് അസഭ്യം പറഞ്ഞ ഇവർ പ്രദീപും മകനും സഞ്ചരിച്ചിരുന്ന വാഹനം തടയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ പ്രദീപും മകനും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. മാവേലിക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃഗീയമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.