തൃശൂർ: ഒരു വയസോ, അറുപതു വയസോ… പ്രായം ഒരു പ്രശ്നമേയല്ല. വായിൽ പല്ലു മുളച്ചു തുടങ്ങിയിട്ടില്ലാത്ത കൊച്ചുകുട്ടികൾക്കുപോലും ചെങ്കുപ്പായവും പഞ്ഞിത്താടിയും അണിഞ്ഞ് ക്രിസ്മസ് അപ്പൂപ്പനാവാം. ശിശുക്കൾക്കു മുതൽ ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്നത്ര വലിപ്പത്തിലുള്ള സാന്താ വസ്ത്രങ്ങളുമായാണ് ഇത്തവണ ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്.
പ്രായവ്യത്യാസം അനുസരിച്ച് 120 രൂപ മുതൽ 450 രൂപ വരെയാണ് വിവിധ സാന്താക്ലോസ് വേഷങ്ങളുടെ വില. മേൽവസ്ത്രവും സാന്താ പാന്റ്സും ബെൽറ്റും തൊപ്പിയും ഉൾപ്പെടെയാണ് സാന്താ വേഷങ്ങൾ വരുന്നത്. തൂവെള്ളനിറത്തിലുള്ള സാന്താ താടിയും ഒപ്പമുണ്ടാവും.
വെൽവെറ്റിലുള്ള സാന്താ വേഷത്തിനു വില കൂടും; 650 മുതൽ 1200 രൂപ വരെ. താടിയുൾപ്പെടെയുള്ളതും അല്ലാത്തതുമായ സാന്താ തൊപ്പികളും മുഖംമൂടികളും വിപണിയിലെത്തിയിട്ടുണ്ട്. പത്തുരൂപ മുതൽ തൊപ്പികൾ വാങ്ങാം. നടക്കുന്നതിനനുസരിച്ച് ആടുന്ന സ്പ്രിംഗ് തൊപ്പിയാണ് ഇക്കൂട്ടത്തിൽ സ്പെഷൽ, 100 രൂപ. വെൽവെറ്റ് തൊപ്പി 30 രൂപ മുതൽ ലഭിക്കും.
അണിയാവുന്ന സാന്താ വേഷങ്ങൾക്കു പുറമേ സാന്താ രൂപങ്ങൾക്കും ആവശ്യക്കാരുണ്ട്. നാലിഞ്ചു മുതൽ ഒന്നരയടി വരെയുള്ള സാന്താ രൂപങ്ങളാണ് കൂടുതൽ വിറ്റുപോകുന്നത്. വില 40 മുതൽ 520 വരെ. പാട്ടും ഡാൻസുമെല്ലാമായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാന്താക്ലോസ് രൂപം കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ്. തൊപ്പി എടുത്തുവീശുന്നതും ദീപശിഖ ഉയർത്തുന്നതും മുതൽ ഉൗഞ്ഞാലാടുന്ന സാന്താക്ലോസുമാർ വരെയുണ്ട് വിപണിയിൽ.
ഇതിനൊപ്പം ജംഗിൾബെൽസ് പാടുകയും പ്രകാശം ചൊരിയുകയും ചെയ്യുന്നതാണ് പത്തിഞ്ചുമാത്രം വലിപ്പമുള്ള ഇത്തരം സാന്താകൾ. 500 രൂപയോളമാണ് വില. ഇതര സംസ്ഥാനത്തുനിന്നുള്ള വഴിയോരക്കച്ചവടക്കാരും സാന്താവേഷങ്ങളും മുഖംമൂടിയുമെല്ലാമായി വന്നിട്ടുണ്ട്. ഒറീസയിൽനിന്നുള്ള സംഘം ഇക്കണ്ടവാരിയർ റോഡിലാണ് വില്പന നടത്തുന്നത്.