കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനത്തിന് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. നാശനഷ്ടങ്ങൾ നേരിടുന്നതിനും പുനരധിവാസത്തിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സാന്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ഇത് സർക്കാർ അനുഭാവപൂർവം പരിഗണിക്കണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പു സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും തീരപ്രദേശങ്ങളിലെ വാർത്താവിനിമയ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.