കോട്ടയം: ക്രിസ്മസ് ആഘോഷങ്ങളെ മധുരതരമാക്കാൻ കേക്കു വിപണി സജീവമായി. പ്ലംകേക്കുകൾക്കും മാർബിൾ കേക്കുകൾക്കും പുറമേ പ്രീമിയം കേക്ക്, റെഗുലർ കേക്ക്, ബട്ടർ ഐസിംഗ് കേക്ക്, നാനോ ബട്ടർ ഐസിംഗ് കേക്ക്, ഫ്രഷ് ക്രീം ഐസിംഗ് തുടങ്ങി വിവിധ തരത്തിലും രുചിയിലുമുള്ള കേക്കുകളുടെ വലിയ ഒരു നിര തന്നെയാണ് വിപണിയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നോട്ടു നിരോധനമായിരുന്നു കച്ചവടത്തെ ഉലച്ചതെങ്കിൽ ഇത്തവണ ജിഎസ്ടി കേക്കു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പ്ലം, മാർബിൾ കേക്കുകൾക്കാണ് വിൽപ്പന കൂടുതലും. 800 ഗ്രാമിനു 280 രൂപ മുതലാണ് ഈ കേക്കുകളുടെ വില. ബനാന, കാരറ്റ്, പ്ലെയിൻ ചോക്ലേറ്റ്, റിച്ച് ഫ്രൂട്ട് കേക്കുകൾക്ക് കിലോഗ്രാമിനു 300 മുതൽ 380 രൂപ വരെയാണു വില. അതാതു ബേക്കറികളിൽ തന്നെ പാകം ചെയ്യുന്ന കേക്കുകളാണ് കൂടുതലും.
അതുകൊണ്ടു തന്നെ പുത്തൻ പരീക്ഷണങ്ങൾ കേക്കുകളുടെ ഡിസൈനിലും, രൂചിയിലും ഉൾപ്പെടുത്താൻ കച്ചവടക്കാർ ശ്രദ്ധിക്കുന്നുണ്ട്. പേസ്ട്രി കേക്കുകൾക്കും ഡിമാൻഡ് കൂടുതലാണ്. കുട്ടികൾക്ക് കൂടുതലും താത്പര്യം പേസ്ട്രി കേക്കുകളോടാണ്. സമീപകാലത്ത് ആളുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന കേക്കുകളുടെ ലിസ്റ്റിൽ പെടുന്നതാണ് വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ഡാർ്ക്ക് ചോക്ലേറ്റ്, ബട്ടർ സ്കോച്ച് തുടങ്ങിയ കേക്കുകൾ.
ക്രിസ്മസ് ന്യൂ ഇയർ നാളുകളിൽ കൂടുതൽ തിളക്കം ബ്ലാക്ക് ഫോറസ്റ്റിനും വൈറ്റ് ഫോറസ്റ്റിനുമാണ്. ഇവയ്ക്കു കിലോയ്ക്ക് 400 രൂപ മുതൽ 550 രുപ വരെയാണു വില. ഫ്രീസറിൽ സൂക്ഷിക്കുന്ന ഐസ്ക്രീം കേക്കുകളും വിപണിയിലുണ്ട്. സ്വീസ് ചോക്ലേറ്റ്, വാൻചോ, പ്രോലൈൻ, ഐറിഷ് കോഫീ, കിവി, ബ്ലൂ ബെറി തുടങ്ങിയ കേക്കുകൾ 500 മുതൽ 900 രൂപ വരെ നിരക്കിൽ വിൽപന നടത്തുന്നത്.