കായംകുളം : ഇന്റർലോക്ക് പാകി കായംകുളം ടി ബി റോഡ് നവീകരിച്ചെങ്കിലും റോഡിനു മധ്യത്തിലെ ഡിവൈഡർ വളഞ്ഞു പോകണമെകിൽ ഡ്രൈവർമാർക്ക് ഇപ്പോൾ സാഹസികത വേണം. പൊതുമരാമത്ത് ലക്ഷങ്ങൾ വിനിയോഗിച്ച് കഴിഞ്ഞ മാസമാണ് റോഡ് നവീകരിച്ചത്.
എന്നാൽ മുനിസിപ്പൽ ജംഗ്ഷനിലെ റോഡിലെ വളവിൽ മതിയായ വീതിയില്ലാത്ത ഭാഗത്ത് റോഡിനു മധ്യത്തിലായി സ്ഥാപിച്ച പുതിയ ഡിവൈഡറാണ് ഇപ്പോൾ വാഹനയാത്രക്കാർക്ക് ദുരിതമായി തീർന്നത് .കൂടുതലും ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്കാണ് ഡിവൈഡർ വഴിമുടക്കിയായി മാറുന്നത് .നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് ടി ബി റോഡ് നവീകരിച്ചത് .ഇതിൻറ്റെ ഭാഗമായാണ് മുനിസിപ്പൽ ജംഗ്ഷനിൽ പുതിയ ഡിവൈഡർ സ്ഥാപിച്ചത്.
ടെസ്മോ ജംഗ്ഷൻ-പാർക്ക് ജംഗ്ഷൻ റോഡിൽ നിന്നും ടി.ബി റോഡിലേക്ക് പ്രവേശിക്കുവാൻ വലിയ വാഹനങ്ങൾ വളവ് തിരിയാൻ ശ്രമിക്കുന്പോൾ ഡിവൈഡറിൽ തട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവവിക്കുന്നതും അപകടവും ഇപ്പോൾ പതിവായി .രാത്രികാലങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്.
ഡിവൈഡർ ഉണ്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന തരത്തിൽ റിഫ്ളക്ടറുകളോ സൈൻ ബോർഡുകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ പ്രധാന റോഡിലൂടെയെത്തുന്ന വാഹനങ്ങൾ ബസ്റ്റാന്റ് ഭാഗത്തേക്ക് പ്രവേശിക്കുന്പോൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ് .ശാസ്ത്രീയ മാർഗ്ഗങ്ങൾ പിൻതുടരാതെ ഡിവൈഡർ സ്ഥാപിച്ചതാണ് കാരണമായി തീർന്നതെന്ന് പരാതിയും വ്യാപക മായി .അതിനാൽ അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡർ അപാകത പരിഹരിച്ച് പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്