പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ താഴെ ചൊവ്വ തിലാന്നൂരിലെ നൗഫലിന്റെ ദുരൂഹമരണത്തിന് പിന്നിലെ പ്രതികള്‍ ചെറുവത്തൂര്‍ സ്വദേശികളെന്ന് പോലീസ് സംഘം. ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ അറസ്റ്റ് നടക്കുമെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ എം.പി.ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
കഴിഞ്ഞ എട്ടിന് രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നൗഫലിന് വൈകുന്നേരം നാലോടെയാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മര്‍ദ്ദിച്ച നാലംഗ സംഘത്തെ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു പോലീസ്. ചെറുവത്തൂര്‍ ടവര്‍ ലൊക്കേഷനിലെ ഫോണ്‍വിളികളുടെ പരിശോധനയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള കുറ്റവാളികളുടെ വിവരങ്ങളും നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് പോലീസിന് കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകമായത്.
നൗഫലുമായുള്ള വാക്കേറ്റത്തിനിടയിലാണ് നാല്പേര് ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. പ്രതികള്‍ ആരെന്നോ അവരെപറ്റിയുള്ള കൂടുതല്‍ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള അക്രമമായിരുന്നില്ലെന്നും കുറ്റകരമായ നരഹത്യയിലേക്കാണ് മര്‍ദ്ദനം ഇടയാക്കിയതെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒമ്പതിന് രാവിലെ ആറോടെയാണ് നൗഫലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്