സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളിലേക്ക് പ്ലാസ്റ്റിക് കവറുകൾ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കവറുമായി എത്തുന്നവർക്ക് തുണി സഞ്ചി കൊടുക്കാനാണ് തീരുമാനം. കലോത്സവം മാലിന്യ പ്ലാസ്റ്റിക് വിമുക്ത കലോത്സവമാക്കി മാറ്റാനാണ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ശ്രമിക്കുന്നതെന്ന് ചെയർമാൻ മുൻ എംഎൽഎ ടി.എൻ.പ്രതാപനും കണ്‍വീനർ ടോണി അഗസ്റ്റിനും പറഞ്ഞു.
കുട്ടികൾക്ക് പേപ്പർ പേനകൾ സൗജന്യമായി നൽകാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗ്രീൻ ആൻഡ് ക്ലീൻ ആശയം ജനങ്ങളിലെത്തിക്കാൻ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മുതൽ ആയിരത്തോളം എൻഎസ്എസ് വളണ്ടിയർമാരെ പങ്കെടുപ്പിച്ച് സമൂഹമാലിന്യ നിർമാർജന യജ്ഞമായി തേക്കിൻകാട് മൈതാനം വൃത്തിയാക്കും. ഫ്ളാഷ് മോബും തെരുവുനാടകവും സിനിമാമേഖലയിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് നടത്തും. മുളകൊണ്ടും മുള ഉത്പന്നങ്ങൾ കൊണ്ടും നിർമിക്കുന്ന പ്രകൃതി സൗഹൃദ വീട് ആകർഷകമാകും. സംസ്ഥാന ബാംബൂ കോർപറേഷനാണ് ഏകദേശം 500 സക്വയർഫീറ്റ് വരുന്ന ഈ വീട് നിർമിക്കുന്നത്.
മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത മുളങ്കുട്ടകൾ ഉപയോഗപ്പെടുത്തും. അന്‍പതോളം കുട്ടകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. മുണ്ടത്തിക്കോട് പ്രദേശത്തെ പരന്പരാഗത മുള ഉത്പന്ന നിർമാണ തൊഴിലാളികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
മനോഹരമായി രൂപകൽപന ചെയ്ത ചെറിയ കുടിലുകൾ തേക്കിൻകാടിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച് മാലിന്യ പ്ലാസ്റ്റിക് വിപത്തുകളെക്കുറിച്ച് എൻഎസ്എസ് വളണ്ടിയർമാർ കലോത്സവം കാണാനെത്തുന്നവരെയും പൊതുജനങ്ങളേയും ബോധവത്കരിക്കും. ക്ലീൻ ആൻഡ് ഗ്രീൻ സന്ദേശം പ്രചരിപ്പിക്കാൻ അന്‍പതോളം ബാനറുകൾ തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിക്കും.
പ്ലാസ്റ്റിക് മാലിന്യവസ്തുക്കൾ ഗ്രീൻ വളണ്ടിയേഴ്സിനെ ഏൽപ്പിക്കുന്പോൾ പകരം ഒരു സമ്മാനകൂപ്പണ്‍ നൽകാനും അതു നറുക്കിട്ട് ഓരോ മണിക്കൂറിലും സമ്മാനം നൽകാനും പദ്ധതിയിട്ടിട്ടുണ്ട്. വളണ്ടിയർമാർക്ക് ശുചിത്വമിഷന്റെ നേതൃത്വത്തിൽ പ്രത്യേക കോട്ടും തൊപ്പിയും നൽകും. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും വളണ്ടിയർമാരും മുളകൊണ്ടുള്ള ബാഡ്ജായിരിക്കും ധരിക്കുക.