തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കുറഞ്ഞമാർക്ക് പത്ത് എന്നുള്ളത് 20 ആയി ഉയർത്തണമെന്ന നിർദേശം. പ്രവേശന പരീക്ഷയിൽ നിലവിൽ 10 മാർക്ക് ലഭിക്കുന്നവരേയും റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എൻജിനിയറിംഗ് പഠനത്തിന്റെ നിലവാര തകർച്ചയ്ക്ക് ഇത് ഇടയാക്കുന്നുവെന്ന അഭിപ്രായം ഇന്നലെ ചേർന്ന എൻജിനിയറിംഗ് പ്രോസ്പെക്ടസ് പരിഷ്കരണ കമ്മിറ്റിയിൽ ഉയർന്നു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. എത്ര കുട്ടികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന മാർക്ക് 20 ആയി നിജപ്പെടുത്തി ഇതിൽ നിന്നു വർധന നടത്തി റാങ്ക് പട്ടിക തയാറാക്കണമെന്ന നിർദേശം സാങ്കേതിക സർവകലാശാല പ്രതിനിധിയാണ് മുന്നോട്ടുവച്ചത്.
എൻജിനിയറിംഗ് പ്രവേശനം നേടിയ വിദ്യാർഥികൾ ക്ലാസ് തുടങ്ങുന്നതിനു മുമ്പേ മറ്റു ഉയർന്ന കോഴ്സുകളിൽ ചേരുന്നതിനായി ടിസി വാങ്ങിയാൽ അവർ എൻജിനിയറിംഗിന് ചേർന്നപ്പോൾ നല്കിയ ഫീസിൽ പ്രവേശന ഫീസ് ഒഴികെ ബാക്കി പണം തിരികെ നല്കണമെന്നാണ് മറ്റൊരു ശിപാർശ. സ്പോട്ട് അലോട്ട്മെന്റ് എൻട്രൻസ് കമ്മീഷ്ണറേറ്റ് നേരിട്ട് നടത്തണമെന്നാണ് മറ്റൊരു നിർദേശമുയർന്നത്.
ഇത്തരത്തിൽ ഉയർന്ന വിവിധ നിർദേശങ്ങൾ സമാഹരിച്ചു സർക്കാരിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് സമർപ്പിക്കും. നിർദേശങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാർ തലത്തിലാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻട്രൻസ് കമ്മീഷണർ, കേപ് ഡയറക്ടർ, സാങ്കേതിക സർവകലാശാല പ്രതിനിധി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.