രണ്ടുവര്‍ഷം മുമ്പ് കാണാതായ അമ്മ ചാനലില്‍! യാദൃശ്ചികത തിരിച്ചുനല്‍കിയത് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വന്തം അമ്മയെ; സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ ഇങ്ങനെ

സിനിമയെ വെല്ലുന്ന തരത്തിലുള്ള പല കാര്യങ്ങളും പലരുടെയും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. യാദൃശ്ചികതയാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത അതിഥിയായി രംഗത്തെത്തുന്നത്. നേര്‍ജീവിതത്തില്‍ അത്തൊരുമൊരു യാദൃശ്ചികത അനുഭവിച്ചിരിക്കുകയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിയും. ആ യാദൃശ്ചികത അവര്‍ക്ക് സമ്മാനിച്ചതോ രണ്ട് വര്‍ഷം മുമ്പ് കാണാതായ സ്വന്തം അമ്മയെ. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയുടെ ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിലാണ് കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ അവരുടെ മകന്‍ ബാഹുലേയന്‍ വീട്ടിലിരുന്ന് കണ്ടത്. ബാഹുലേയന്റെ ആ ഒരൊറ്റ നോട്ടം തിരികെ നല്‍കിയത് സ്വന്തം അമ്മയെയാണ്. ഉടന്‍ തന്നെ ചാനലുമായി ബന്ധപ്പെട്ട് സ്നേഹഭവനിലെത്തി ശാന്തമ്മയെ വീണ്ടെടുത്തു.

അതിനുമുമ്പ് നടന്ന നാടകീയ സംഭവങ്ങളിങ്ങനെ…
ഭര്‍ത്താവിനും ഇളയ മകനുമൊപ്പം കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ശാന്തമ്മയുടെ ഭര്‍ത്താവ് ദാമോദരന്‍ നായര്‍ മരിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന ശാന്തമ്മ മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്രതിരിച്ചതാണ്. എന്നാല്‍, ഓര്‍മക്കുറവ് വിനയായി. ഇറങ്ങേണ്ട സ്ഥലം മാറിയിറങ്ങിയപ്പോള്‍ എല്ലാം താറുമാറായി. വീട്ടിലേക്കുള്ള വഴിയും മറന്നു. കുറച്ചു ദിവസം ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങുകയും പിന്നീട് അറുനീറ്റി മംഗലത്തുള്ള ദയഭവനിലും നാലുമാസം മുമ്പ് സ്‌നേഹഭവനിലും എത്തുകയായിരുന്നു.

ഇതിനിടയില്‍ അമ്മയെ തപ്പി മക്കള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല. പഴനിയിലടക്കം കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ അന്വേഷിച്ചെങ്കിലും ശാന്തമ്മയെ കണ്ടെത്താനായില്ല. രണ്ടുവര്‍ഷം മക്കള്‍ ശാന്തമ്മയെ തിരയാത്ത സ്ഥലമില്ല. പന്മനപോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടയിലാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത ചാനല്‍ സംപ്രേഷണം ചെയ്യുന്നത്. ഇതോടെ, മക്കളുടെ അമ്മയെതേടലുകള്‍ക്ക് അവസാനമാവുകയായിരുന്നു.

 

Related posts