റ്റി.സി. മാത്യു
ഒരു ലക്ഷത്തി എഴുപത്താറായിരത്തി അറുന്നൂറ്റി നാല്പത്തഞ്ചു കോടി രൂപ. ഈ ദശകത്തിലെ ഇന്ത്യൻ രാഷ്ട്രീയത്തെ വഴിതിരിച്ചുവിട്ട സംഖ്യ.
രണ്ടാം തലമുറ (2 ജി) മൊബൈൽ ടെലിഫോണിക്കുവേണ്ട സ്പെക്ട്രം ലേലം ചെയ്തതിൽ സർക്കാരിന് ഇത്ര വലിയ നഷ്ടമുണ്ടായി എന്നാണ് എല്ലാവരും കരുതുന്നത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായ് 2010-ൽ 2 ജി സ്പെക്ട്രം ലേലം ഓഡിറ്റ് ചെയ്തപ്പോൾ നഷ്ടത്തുകയായി രേഖപ്പെടുത്തിയതാണ് ഈ തുക.
ഇതു ജനമനസുകളിൽ ഉറച്ചു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി. കേൾക്കുന്പോഴത്തെ അവിശ്വാസ്യതയെ മറികടക്കുന്ന മട്ടിൽ അതു പ്രചരിപ്പിക്കപ്പെട്ടു.
എന്നാൽ ഇത്രയും വലിയൊരു നഷ്ടം സംഭവിച്ചോ? ഇത്ര വലിയ തുക ആരെങ്കിലും ആരിലെങ്കിലും നിന്നു യഥാർഥത്തിൽ കൈപ്പറ്റിയോ?
122 ലൈസൻസ്
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുംമുന്പ് അന്നത്തെ സിഎജി ഈ തുകയിൽ എത്തിയ വഴി പരിശോധിക്കാം.
2008-ൽ 2 ജി സ്പെക്ട്രം നല്കിയത് അഖിലേന്ത്യാ ലൈസൻസിന് 1658 കോടി രൂപ വിലയ്ക്കാണ്. രാജ്യത്തെ 22 ടെലികോം സർക്കിളുകളായി വിഭജിച്ചിട്ടുണ്ട്. 22-ലും കൂടി സ്പെക്ട്രം എടുക്കുന്പോൾ 1658 കോടി എന്നതു 2001-ൽ നിശ്ചയിച്ച വിലയാണ്. മൊത്തം 122 ലൈസൻസുകൾ (ചിലത് അഖിലേന്ത്യ, ചിലത് ഏതാനും സർക്കിളുകളിൽ) നല്കിയതിന് 10,772 കോടി രൂപ ഗവൺമെന്റിനു ലഭിച്ചു.
വില കൂട്ടിയില്ലെന്ന്
ഈ ലൈസൻസ് നല്കലിനെപ്പറ്റി വ്യാപകമായ ആരോപണം ഉയർന്നു. ഒന്നാമത്തെ ആരോപണം വില കൂട്ടാത്തതിനെപ്പറ്റിയാണ്. 2003-ലെ വില പോരാ 2008-ൽ എന്നതായി പ്രധാന ആരോപണം. ഇതു പുതിയ ഓപ്പറേറ്റർമാർക്ക് സബ്സിഡി നല്കുന്നതിനു തുല്യമാണെന്നു പഴയ ഓപ്പറേറ്റർമാർ വാദിച്ചു. തങ്ങൾ 2003-ൽ കൊടുത്ത അതേ വിലയ്ക്ക് ഇപ്പോൾ സ്പെക്ട്രം നല്കുന്പോൾ പുതിയ ഓപ്പറേറ്റർമാർക്കു പ്രവേശനച്ചെലവ് കുറഞ്ഞെന്നാണു നിലവിലുണ്ടായിരുന്നവരുടെ വാദം.
ഈ നിലപാട് ഭരണകൂടത്തിലും ചിലർക്കുണ്ടായിരുന്നു. അതിനാലാണു സ്പെക്ട്രം ലേലം ചെയ്യുന്നതിനെപ്പറ്റി ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ)യും പ്രധാനമന്ത്രിയുടെ ഓഫീസും പലവട്ടം ചർച്ച നടത്തിയതും രേഖകൾ തയാറാക്കിയതും.
മൊബൈൽ വ്യാപനം
പഴയ നിരക്കിൽ സ്പെക്ട്രം നല്കി. ഓരോ സർക്കിളിലും മൊബൈൽ കന്പനികളുടെ എണ്ണം അഞ്ചിൽനിന്നു പതിനഞ്ചും പതിനാറുമായി. അപ്പോൾ എന്തു സംഭവിച്ചു? മൊബൈൽ നിരക്ക് താണു; വരിക്കാർ കൂടി.
2007 അവസാനം 22.7 കോടി മൊബൈൽ വരിക്കാരർ ഉണ്ടായിരുന്നത് 2011-ൽ 89 കോടിയായി. നാലു വർഷംകൊണ്ടു വരിക്കാർ നാലു മടങ്ങായി. കുറഞ്ഞ വിലയ്ക്കു സ്പെക്ട്രം ലഭിച്ചതും മത്സരം കൂടിയതും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ സേവനം നല്കാൻ കന്പനികളെ പ്രാപ്തരാക്കി.
കുത്തകകൾക്ക് എതിർപ്പ്
പക്ഷേ ഇതു പലർക്കും രസിച്ചില്ല. പ്രത്യേകിച്ചും 2008-നു മുന്പു രംഗത്തുണ്ടായിരുന്ന വൻ കന്പനികൾക്ക്. അവരുടെ കുത്തക തകർക്കാനും അമിതലാഭം ഇല്ലാതാക്കാനുമാണു 2008-ലെ ലൈസൻസ് വിതരണം സഹായിച്ചത്. നാലു സ്വകാര്യ കന്പനികൾ മാത്രമുണ്ടായിരുന്നിടത്തേക്ക് ഒരു ഡസൻ കന്പനികളെ പുതിയ നടപടി കടത്തിവിട്ടു. ഈ എതിർപ്പ് അഴിമതി ആരോപണം ഉയർന്നതിനു പിന്നിലുണ്ടെന്നു പലരും കരുതുന്നു.
സിഎജി കണ്ടത്
2ജി സ്പെക്ട്രം വിറ്റതിൽ സിഎജി വിനോദ് റായ് നഷ്ടമല്ല കണ്ടത്. അനുമാനനഷ്ടം (പ്രിസംപ്റ്റീവ് ലോസ്) തിട്ടപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്.
എന്താണ് അനുമാന നഷ്ടം എന്ന് ആർക്കും നിശ്ചയമില്ല. അനുമാന നികുതി എന്നൊന്ന് നമ്മുടെ രാജ്യത്തുണ്ട്. വിശദമായ കണക്കൊന്നും നല്കാതെ മൊത്തം വിറ്റുവരവിന് ഒരു നിശ്ചിത ശതമാനം നികുതി നല്കാൻ അനുവദിച്ചിട്ടുണ്ട്. അതാണ് അനുമാനനികുതി. എന്നാൽ, വിനോദ് റായിയുടെ അനുമാന നഷ്ടം വേറെ രീതിയിൽ കണക്കാക്കുന്നതാണ്.
മൂന്നു കണക്കുകൂട്ടൽ
വിനോദ് റായ് ഒന്നല്ല, മൂന്ന് അനുമാനനഷ്ട കണക്കുകൾ നല്കി. മൂന്നും മൂന്നുതരം അനുമാനം.ഒന്നാമത്തേത് ഒരു കന്പനി സ്പെക്ട്രത്തിന് ഓഫർ ചെയ്ത വില ആധാരമാക്കിയാണ്.
എസ്ടെൽ (എയർസെലിന്റെ പ്രൊമോട്ടർ സി. ശിവശങ്കരനും ബഹറിനിലെ ബടെൽകോയും ചേർന്നുണ്ടാക്കിയ കന്പനി) 2007 നവംബറിൽ സ്പെക്ട്രം ചോദിച്ചു പ്രധാനമന്ത്രിക്ക് എഴുതിയപ്പോൾ 6.2 മെഗാ ഹെർട്സിനു 10 വർഷത്തേക്ക് 13,752 കോടി രൂപ ഓഫർ ചെയ്തിരുന്നു. ഇതു തറവിലയായി കണക്കാക്കിയാൽ 122 ലൈസൻസുകൾക്ക് 38,950 കോടി രൂപ കിട്ടണം. ഡുവൽ ടെക്നോളജി അനുവദിച്ച വകയിൽ 14,573 കോടിയും അധിക സ്പെക്ട്രത്തിന് 13841 കോടിയും വേണം. മൊത്തം 67,364 കോടി. ഇതിൽനിന്നു ഗവൺമെന്റിനു ലഭിച്ച 10,772 കോടി കിഴിച്ചാൽ 56592 കോടി രൂപ നഷ്ടം.
3 ജി = 2 ജി
2010-ൽ 3 ജി സ്പെക്ട്രം ലേലം ചെയ്തു. അതിന് ഒരു ലക്ഷം കോടിയിൽപരം രൂപ ലഭിച്ചു. 3ജിയും ബ്രോഡ്ബാൻഡ് വയർലെസും ആയിരുന്നു അന്നു ലേലം ചെയ്തത്. അതിന്റെ വ്യത്യാസമൊന്നും പരിഗണിക്കാതെ വിനോദ് റായ് 2ജിക്ക് അതേതോതിൽ വില കിട്ടേണ്ടതായി കണക്കാക്കി.
അതനുസരിച്ച് 122 ലൈസൻസുകൾക്കു കിട്ടേണ്ടത് 1,02,498 കോടി രൂപ. ഡുവൽ ടെക്നോളജിക്ക് 37,154 കോടി. അധിക സ്പെക്ട്രത്തിന് 36,993 കോടി. മൊത്തം 1,76,645 കോടി. ലഭിച്ച 10,772 കോടി കിഴിച്ചശേഷം അനുമാനനഷ്ടം 1,65,873 കോടി.
ഓഹരി വിറ്റപ്പോൾ
വേറൊരു രീതി കന്പനികൾ ഓഹരി വിറ്റതുമായി ബന്ധപ്പെടുത്തിയാണ്. 1537 കോടി രൂപയ്ക്ക് ലൈസൻസ് ലഭിച്ച സ്വാൻ ടെലികോം 45 ശതമാനം ഓഹരി 4200 കോടി രൂപയ്ക്ക് യുഎഇയിലെ എറ്റിസലാറ്റിനു വിറ്റു. ലൈസൻസ് അല്ലാതെ മറ്റൊന്നും കന്പനിക്കു വിലപ്പിടിപ്പുള്ളതായി ഇല്ലായിരുന്നു. ഈ കൈമാറ്റവിലവച്ചു നോക്കിയാൽ 122 ലൈസൻസിന് 57,666 കോടി രൂപ ലഭിക്കേണ്ടിയിരുന്നു എന്നു വിനോദ് റായ് എഴുതി. മറ്റൊരു കന്പനിയായ യൂണിടെക് 65 ശതമാനം ഓഹരി 6200 കോടിക്കു വിറ്റു. 1651 കോടിക്കാണ് അവർ ലൈസൻസ് നേടിയത്. അതുവച്ചു നോക്കിയാൽ 122 ലൈസൻസിന് 69,626 കോടി കിട്ടേണ്ടതായിരുന്നെന്നു റായി അനുമാനിച്ചു.
വിശ്വാസ്യത എവിടെ?
മൂന്നു രീതിയിൽ കണക്കുകൂട്ടി നാല് അനുമാനവിലകൾ വിനോദ് റായ് കണ്ടെത്തി. 46894 കോടി മുതൽ 1,65,873 കോടിവരെ വ്യത്യസ്ത അനുമാനനഷ്ടങ്ങൾ.
അന്നത്തെ പ്രത്യേക സാഹചര്യത്തിൽ 1.76 ലക്ഷം കോടിയുടെ അഴിമതി എന്നു 2 ജി മുദ്രകുത്തപ്പെട്ടു. ഈ കണക്കുകൂട്ടൽ രീതിയെ ചോദ്യം ചെയ്തവരെ അഴിമതിക്കു ചൂട്ടുപിടിക്കുന്നവരായി ചിത്രീകരിച്ചു.
വന്നതോ വരാവുന്നതോ ആയ നഷ്ടമാണ് ഓഡിറ്റിംഗിൽ കണക്കുകൂട്ടേണ്ടത്. ഇവിടെ അതിനുപകരം അനുമാന നഷ്ടം എന്ന പുതിയ സങ്കല്പം അവതരിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് തന്നെ സിഎജി ഭരണഘടനാ ചട്ടക്കൂടിനു വെളിയിലാണു പ്രവർത്തിച്ചത് എന്നു വിമർശിക്കുകയുണ്ടായി.
പക്ഷേ സിഎജി റിപ്പോർട്ട് അന്നു സത്യമെന്നു പലരും കരുതി. 3ജിയുടെ വിലയും 2ജിയുടെ വിലയും എങ്ങനെ തുലനം ചെയ്യും എന്ന സാമാന്യയുക്തിയുടെ ചോദ്യംപോലും ആരും ഉയർത്തിയില്ല.
ഇതുകൊണ്ട് 2ജി ഇടപാടിൽ അഴിമതികൾ ഉണ്ടായില്ലെന്നു പറയുന്നില്ല. നടപടിക്രമങ്ങളിൽ ചില തിരിമറികൾ നടന്നതു സിബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ കന്പനികളെ സഹായിക്കാനായിരുന്നു അത്. വ്യവസ്ഥകൾ മുഴുവൻ പാലിക്കാത്തവർക്കും ലൈസൻസ് കിട്ടി.
പക്ഷേ ആ അഴിമതികൾ അല്ല ശ്രദ്ധിക്കപ്പെട്ടത്. 1.76 ലക്ഷം കോടിയെന്ന ഒരു വലിയ അഴിമതിമല ഉയർത്തിപ്പിടിച്ചു. വാട്ടർ ഗേറ്റിനുശേഷമുള്ള ഏറ്റവും വലി അധികാര ദുർവിനിയോഗമായി 2ജി സ്പെക്ട്രം ഇടപാടിനെ ടൈം വാരിക വിശേഷിപ്പിച്ചത് ആ വലുപ്പംകൊണ്ടാണ്.
ഇപ്പോൾ സിബിഐ ജഡ്ജി ഒ.പി. സെയ്നി പറയുന്നു: “എല്ലാം ഊഹാപോഹങ്ങളും കിംവദന്തികളും മാത്രം; ഒന്നിനും തെളിവില്ല.’
ഒരു ഭരണമാറ്റത്തിനും അതിന്റെ തുടർഫലങ്ങൾക്കും നിമിത്തമായ അഴിമതിക്കഥ ആയി 2ജി ഇനി അറിയപ്പെടും.
വീണ്ടും ലേലത്തിൽ കിട്ടിയത് 9,478 കോടി
1.76 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയെന്നു സിഎജി റിപ്പോർട്ട് ചെയ്ത 2 ജി സ്പെക്ട്രം ലൈസൻസുകൾ സുപ്രീംകോടതി 2012-ൽ റദ്ദാക്കി. 22 ടെലികോം സർക്കിളുകളിലായി 122 ലൈസൻസുകൾ റദ്ദാക്കപ്പെട്ടു. ഇവ പിന്നീടു ലേലം ചെയ്തപ്പോൾ ഗവൺമെന്റ് ലക്ഷ്യമിട്ടത് 40,000 കോടി രൂപ. ട്രായി അഖിലേന്ത്യാ ലൈസൻസിനു തറവില നിശ്ചയിച്ചത് 18,000 കോടി. കാബിനറ്റ് അതു കുറച്ചു 14,000 കോടിയാക്കി. അഖിലേന്ത്യാ ലൈസൻസ് ആരും വാങ്ങിയില്ല. അങ്ങിങ്ങായി വാങ്ങിയ ലൈസൻസുകൾ എല്ലാറ്റിനുംകൂടി ലഭിച്ചത് 9477.64 കോടി രൂപ മാത്രം. 2008-ൽ 10,772 കോടി ലഭിച്ചിരുന്നു.
1.76 ലക്ഷം കോടി സിബിഐയും കണ്ടില്ല
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) 1.76 ലക്ഷം കോടി രൂപ നഷ്ടം കണക്കാക്കിയ ഇടപാടിൽ കേസ് എടുത്തപ്പോൾ പറഞ്ഞ നഷ്ടം 30,000 കോടി മാത്രം. സിബിഐയുടെ ഈ സംഖ്യ സിഎജി റിപ്പോർട്ടിൽ ഒരിടത്തും വരുന്നില്ല.
അന്നത്തെ സിബിഐ ഡയറക്ടർ എ.പി. സിംഗ് പറയുന്നത് ലൈസൻസ് കിട്ടിയ കന്പനികൾ ഓഹരി വിറ്റ വിലയുമായി തട്ടിച്ചാണ് ഏജൻസി നഷ്ടക്കണക്ക് തയാറാക്കിയതെന്നാണ്. സ്വാൻ ടെലികോം 4200 കോടി രൂപയ്ക്കു 45 ശതമാനവും യൂണിടെക് 6200 കോടിരൂപയ്ക്ക് 65 ശതമാനവും ഓഹരി വിറ്റു. അതുമായി താരതമ്യപ്പെടുത്തിയാണു 30,000 കോടി രൂപ എന്നു നിർണയിച്ചത്.
സ്വാൻ, യൂണിടെക് എന്നീ കന്പനികളെ സഹായിക്കാനാണ് അന്നത്തെ മന്ത്രി എ. രാജ ശ്രമിച്ചതെന്നാണു സിബിഐ പറയുന്നത്. ഉത്തരേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ബാൽവയുടേതായിരുന്നു സ്വാൻ. യൂണിടെക് ആ പേരിൽ തന്നെയുള്ള വന്പൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്. സ്വാൻ പിന്നീടു യുഎഇയിലെ എറ്റിസലാറ്റിനെ പങ്കാളിയാക്കി. യൂണിടെക് നോർവേയിലെ ടെലിനോർ ഗ്രൂപ്പുമായി ചേർന്നു യൂണിനോർ എന്ന പേരിൽ മൊബൈൽ സർവീസ് നടത്തി.
ജഡ്ജിയായി മാറിയ എസ്ഐ
ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായാണ് ഓം പ്രകാശ് സെയ്നിയുടെ തുടക്കം. ഹരിയാനക്കാരനായ ഇദ്ദേഹം 1981-ലാണ് എസ്ഐ ആയത്.ആറു വർഷം പോലീസിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം ജുഡീഷൽ മജിസ്ട്രേട്ട് പരീക്ഷ എഴുതി. അക്കൊല്ലം പരീക്ഷയിൽ ജയിച്ച് മജിസ്ട്രേട്ട് ആയ ഏക അപേക്ഷകൻ സെയ്നിയായിരുന്നു.
2ജിക്കു മുന്പും വിവാദ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് കർക്കശക്കാരനായ സെയ്നി. കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത് ഇദ്ദേഹമാണ്. സുരേഷ് കൽമാഡിയുടെ സഹായികളായ ലളിത് ഭാനോട്ട്, വി.കെ. വർമ, കെയുകെ റെഡ്ഡി, പ്രവീൺ ബക്ഷി, ഡി. ശേഖർ എന്നിവർക്കു ജയിൽശിക്ഷയും നല്കി.
2000 ഡിസംബർ 22-നു ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തി മൂന്നു ജവാന്മാരെ കൊന്ന കേസിൽ മുഖ്യപ്രതി മുഹമ്മദ് ആരിഫിനു വധശിക്ഷയും മറ്റുള്ളവർക്കു ജീവപര്യന്തം തടവുശിക്ഷയും വിധിച്ചതു സെയ്നിയാണ്. ശിക്ഷാവിധി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു.
നാഷണൽ അലൂമിനിയം കന്പനി (നാൽകോ)യുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചെയർമാൻ എ.കെ. ശ്രീവാസ്തവയ്ക്കു ജാമ്യം നിഷേധിക്കാനും സെയ്നി മടിച്ചില്ല.