ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തിയിലെ ആൾദൈവം ബാബ സച്ചിദാനന്ദിന്റെ ശാന്ത് കുടീർ ആശ്രമത്തിൽ നിന്ന് 41 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരിൽ പലരും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു.
പലരും മൃഗങ്ങൾക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിച്ചിരുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു.
ചെറിയ ചെറിയ കൂടുകളിലാണ് ഇവരിൽ പലരെയും താമസിപ്പിച്ചിരുന്നത്. 25 വർഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരിൽ ഉൾപ്പെടും. എളുപ്പം രക്ഷപ്പെടാൻ കഴിയാത്ത വിധം ഉരുക്കു വാതിലുകളാണ് ഓരോ മുറിയെയും വേർതിരിച്ചിരുന്നത്.
പ്രാഥമികാന്വേഷണത്തിൽ ആശ്രമത്തിലെ പല അന്തേവാസികൾക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകൾ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. ആശ്രമത്തിൽ നിന്ന് ആരും പുറത്ത് ചാടാതിരിക്കാൻ മതിൽ കെട്ടി മുൾവേലിയും സ്ഥാപിച്ചിരുന്നു. ആണ്കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്. ആശ്രമം അന്തേവാസികളായിരുന്ന നാല് യുവതികളാണ് പോലീസിനെ സമീപിച്ചത്.
മഠാധിപതിയായ ബാബ സച്ചിദാനന്ദും മറ്റുരണ്ട് സന്ന്യാസിമാരും അംഗരക്ഷകരും പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇവർ ഒളിവിൽപോയി.ഏറെക്കാലമായി ഉപദ്രവം തുടരുകയാണെന്നും ചെറുക്കാൻ ശ്രമിച്ചപ്പോൾ അംഗരക്ഷകരുൾപ്പെടെ കൂട്ടബലാത്സംഗം നടത്തിയെന്നും യുവതികൾ പറയുന്നു. തങ്ങളെ കെട്ടിയിട്ട് പീഡിപ്പിക്കാനും മർദിക്കാനും സ്വാമിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ സഹായിച്ചെന്നും പരാതിയിലുണ്ട്.
ബാബ സച്ചിദാനന്ദിനുപുറമേ ചേതനാനന്ദ്, വിശ്വാനന്ദ്, ഭൈരജ്യാനന്ദ് എന്നീ സ്വാമിമാർക്കും സഹായികളായ രണ്ട് സ്ത്രീകൾക്കുമെതിരേയാണ് യുവതികൾ ബസ്തി പോലീസിന് പരാതി നൽകിയത്.ബസ്തിക്ക് പുറമെ ഡൽഹി, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ആശ്രമമുള്ള ആൾദൈവമാണ് സ്വാമി സച്ചിദാനന്ദ്. ദയാനന്ദ് എന്ന പേര് സച്ചിദാനന്ദ് എന്ന് മാറ്റുകയായിരുന്നു.