സന്ധ്യയെ കാര്‍ത്തിക് തീവച്ചു കൊലപ്പെടുത്തിയത് വിവാഹം കഴിക്കാത്തതിന്റെ ദേഷ്യത്തില്‍, മദ്യത്തിന് അടിമയായിരുന്ന കാര്‍ത്തിക്ക് ഒരുക്കിയ കെണിയില്‍ സന്ധ്യ വീണു

ദാരുണമായ ഒരു കൊലപാതക വാര്‍ത്തയാണ് സെക്കന്തരാബാദില്‍ നിന്നും വരുന്നത്. 22കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന് കത്തിയെരിഞ്ഞത്. സന്ധ്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.

വ്യാഴാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി. രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും തമ്മില്‍ അടുത്ത ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നു. തന്റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.

Related posts