ഒറ്റപ്പാലം: വിവരാവകാശ നിയമത്തെ പുല്ലുവിലയായി കണക്കാക്കി വിവരങ്ങൾ നല്‍കാത്ത നഗരസഭാ അധികൃതർക്ക് വിവരാവകാശ കമ്മീഷൻ വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നല്കി. ഒറ്റപ്പാലം നഗരസഭ 23, 24 വാർഡുകളെ വേർതിരിക്കുന്നതും അരകിലോമീറ്റർ ദൈർഘ്യമുള്ളതുമായ ജൂബിലി റോഡിൽ 2010-15 കാലയളവിൽ നടത്തിയ ഏഴു മരാമത്ത് പണികളുടെ ഫയലുകളും എം ബുക്കും പരിശോധനയ്ക്ക് നല്‍കാത്തതിനാണ് ഈ നടപടി.
നഗരസഭയിലെ 19-ാം മൈൽ സ്വദേശിയും ജൂബിലി റോഡ് റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹിയുമായ ഒറവൻചാലിൽ ഗോപാകൃഷ്ണൻ 2015 ഡിസംബർ 22ന് ജൂബിലി റോഡിൽ 2010-15 കാലയളവിൽ നടത്തിയ പ്രവൃത്തികൾ, ടി റോഡിലെ ഏതെല്ലാം ഭാഗത്താണ് ചെയ്തിരിക്കുന്നത് എന്നറിയുന്നതിനും പ്രവൃത്തികൾ മെഷർമെന്റ് ബുക്കിലെ അളവുകളും കണക്കുകളും പ്രകാരമാണോ എന്നറിയുന്നതിനുമായാണ് അപേക്ഷ നല്‍കിയത്. ഇതിനു മറുപടിയായി ഫയലുകൾ ഓഡിറ്റ് പാർട്ടിയുടെ കൈവശമാണെന്നും ഓഡിറ്റ് കഴിയുന്ന മുറയ്ക്ക് ഫയലുകൾ പരിശോധനയ്ക്ക് നല്‍കാമെന്നു അറിയിക്കുകയും ചെയ്തു.
മറുപടി ലഭിക്കാതെ വന്നപ്പോൾ അപ്പീൽ അധികാരിക്ക് അപ്പീൽ സമർപ്പിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതരിൽനിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ വിവരാവകാശ കമ്മീഷണർക്ക് പരാതി നല്‍കുകയാണ് ചെയ്തത്.നഗരസഭയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കേണ്ടിവന്നതിനാൽ അവിടെ പ്രവർത്തിച്ചിരുന്ന എൻജിനീയറിംഗ് വിഭാഗം പഴയ കെട്ടിടത്തിൽനിന്നും മാറ്റുന്പോൾ ഫയലുകളും മറ്റും സെക്്ഷൻ മാറിപ്പോയെന്നും ഉടനേ കണ്ടുപിടിച്ച് നല്‍കാമെന്നും എൻജിനീയറിംഗ് വിഭാഗവും സെക്രട്ടറിയും വിവരാവകാശ കമ്മീഷനെയും ഹർജിക്കാരനെയും അറിയിച്ചു.
എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും ഫയലുകൾ പരിശോധനയ്ക്ക് നല്‍കാത്തത് ഈ പ്രവൃത്തികളിലെ അഴിമതി സംബന്ധിച്ച വിവരം പുറത്താകുമോ എന്ന പേടിമൂലമാകാം ഫയലുകൾ നല്‍കാത്തതെന്നാണ് കമ്മീഷൻ വിലയിരുത്തിയത്.ഓഡിറ്റ് പൂർത്തിയായശേഷവും ഫയലുകൾ നല്‍കാത്ത് ഗുരുതര വീഴ്ചയാണെന്നും ശിക്ഷാനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കമ്മീഷൻ നഗരസഭാ അധികൃതരോട് അറിയിച്ചു.