കസബ എന്ന സിനിമയിൽ സ്ത്രീവിരുദ്ധമായ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാൻ പാടില്ലായിരുന്നുവെന്ന് നടി പാർവതി തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്രചലച്ചിത്രോത്സവ വേദിയിൽ അഭിപ്രായപ്പെട്ടതോടെ ഉയർന്ന കോലാഹലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
നടി പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ കൊടുന്പിരി കൊള്ളുകയാണ്. അതിനിടെയിലാണ് പാർവതിക്കെതിരേ മമ്മൂട്ടിയുടെ പേരിൽ സൈബർ ആക്രമണം അഴിച്ചുവിടുന്നവർ മമ്മൂട്ടി ഫാൻസല്ല എന്ന വിശദീകരണവുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷണൽ സംസ്ഥാന ഘടകം രംഗത്തു വന്നത്.
മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നത് തങ്ങളല്ലെന്നും അങ്ങനെയുള്ളവരെ തങ്ങൾ അംഗീകരിക്കില്ലെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജിൽ പറയുന്നു.ചലച്ചിത്രമേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂട്ടി. തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണയ്ക്കുന്ന ആളല്ല മമ്മൂട്ടി.
പല ഘട്ടങ്ങളിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന് ഭാരവാഹികളോടും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയെയും കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത്, അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടി ആരാധകരും.
കസബയെ പാര്‍വതി വിമര്‍ശിക്കുന്നതിന് എത്രയോ മുമ്പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയപ്പോള്‍ ആ ട്രോളുകളില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂക്ക ഷെയര്‍ ചെയ്തിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ രൂപമെന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന ആരാധകരും ആ പാതയാണ് പിന്തുടരുന്നത്.
മമ്മൂട്ടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചും, മമ്മൂട്ടിയുടെ ആരാധകരെന്ന അവകാശവാദമുന്നയിച്ചും ആര്‍ക്കെതിരെയും അധിക്ഷേപം നടത്തുന്നതും, സൈബര്‍ ആക്രമണവും മമ്മൂട്ടിയോ, അദ്ദേഹത്തോടുള്ള സ്നേഹത്താല്‍ രൂപമെടുത്ത സംഘടനയോ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരുടെ പ്രവൃര്‍ത്തികള്‍ക്ക് സംഘടന ഉത്തരവാദികളുമല്ല- സംഘടന പറയുന്നു.