നാദാപുരം: ഫൂട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ കാല് പൊട്ടിയ സ്ലാബിനടിയില്‍ കുടുങ്ങി ഒടിഞ്ഞു. നാദാപുരം ബസ് സ്റ്റാൻഡിന് സമീപത്തെ അഴുക്കുചാലിലാണ് വിദ്യാര്‍ഥിനിയുടെ കാല് കുടുങ്ങിയത്. കല്ലാച്ചി ശ്രീസാഗര്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിരയുടെ കാലാണ് ഒടിഞ്ഞത് .
പഠനസംബന്ധമായി പ്രൊജക്ട് പ്രവര്‍ത്തനത്തിന് നാദാപുരത്തെ സഹകരണ ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആതിരയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരാതിയുമായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിയ അമ്മ പ്രേമയെ ഓഫീസില്‍വച്ച് അധികൃതര്‍ പരിഹസിച്ചതായി പരാതിയുണ്ട്. “”താഴെ നോക്കാതെ മുകളിലോട്ട് നോക്കി നടക്കുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെ’’ന്നാണ് വനിതാ മെമ്പര്‍ പറഞ്ഞതെന്ന് പ്രേമ പറഞ്ഞു.
സംഭവത്തില്‍ വിദ്യാർഥിനിയുടെ അമ്മ പഞ്ചായത്ത് പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ ജില്ലാ കളക്ടര്‍ യു.വി.ജോസിന് പ്രേമ നിവേദനം നല്കി.