എന്നെ സ്‌നേഹിക്കുന്നവരോട് ഒരപേക്ഷ! നിങ്ങളത് ചെയ്തപ്പോള്‍ വിഷമമാണ് തോന്നിയത്; ആരാധകരോട് നടന്‍ ജയസൂര്യയ്ക്ക് പറയാനുള്ളത്

ആദ്യ വരവ് അത്രയ്ക്കങ്ങ് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഷാജി പാപ്പന്റെയും കൂട്ടാളികളുടെയും രണ്ടാംവരവ് മലയാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണ് ആട് 2 വെന്നാണ് പ്രേക്ഷക പ്രതികരണം.

ഇതിനിടെയാണ് ആട് 2 വിജയിപ്പിച്ചതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ജയസൂര്യ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ജയസൂര്യ ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ പറഞ്ഞത്. ‘ആട് 2 ഒരു മാസ് എന്റര്‍ടൈനറാണെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതിലെ കഥാപാത്രങ്ങളെ വീണ്ടും സ്വീകരിച്ചതിന് നന്ദി. എന്റെ മകനും ആട് 2 ഇഷ്ടപ്പെട്ടു. ആട് 2 വെല്ലുവിളി നിറഞ്ഞതായിരുന്നു. ആട് ആദ്യഭാഗം പരാജയപ്പെട്ടിട്ടും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തെക്കാള്‍ ശക്തമായ തിരക്കഥ എഴുതാന്‍ മിഥുന്‍ മാനുവല്‍ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. ആരാധകരോട് തനിക്കൊരു അപേക്ഷയുണ്ടെന്നും ജയസൂര്യ ലൈവില്‍ പറഞ്ഞു.

‘പാലഭിഷേകം ചെയ്യുന്നത് കണ്ടു. എന്നോടുളള സ്നേഹം കൊണ്ടാണെന്ന് അറിയാം. അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്’. മെര്‍സല്‍ സിനിമയുടെ റിലീസ് സമയത്ത് തമിഴ്‌നടന്‍ വിജയ്‌യും തന്റെ ആരാധകരോട് പാലഭിഷേകം വേണ്ടെന്ന് പറഞ്ഞിരുന്നു. ‘എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാന്‍ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകര്‍ അത് ചെയ്യുന്നുണ്ട്. പക്ഷേ അതുവേണ്ടാ..’ വിജയ് പറഞ്ഞു.

 

Related posts