നേമം : പുൽക്കൂടൊരുക്കാൻ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ പ്രതിമകളുമായി രാജസ്ഥാനികൾ. നേമം പള്ളിച്ചൽ ദേശീയപാതയിലാണ് പ്രതിമകളുടെ വിൽപ്പന തകൃതിയായി നടക്കുന്നത്.
രാജസ്ഥാനിൽ നിന്നുള്ള കുടുംബങ്ങൾ കഴിഞ്ഞ ഇരുപ്പത്തിയഞ്ച് വർഷങ്ങളായി പ്രതിമകൾ നിർമിച്ച് വിൽപ്പന നടത്തി വരുന്നു.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച പ്രതിമകൾക്ക് 1300 രൂപയാണ് വിലയെങ്കിലും തർക്കിച്ചാൽ ഇരുപത് പ്രതിമകൾ ഉള്ള ഒരു സെറ്റ് 700 രൂപയ്ക്ക് വരെ ഇവർ വിറ്റഴിക്കുന്നു. ക്രിസ്മസ് അടുത്തതോടുകൂടി ഇവയുടെ വിൽപ്പനയും കൂടി. പുരുഷന്മാരാണ് മോൾഡിൽ പ്രതിമകൾ നിർമിക്കുന്നത്.
സ്ത്രീകൾ പല വർണങ്ങളിലുള്ള പെയിന്റുകൾ ഉപയോഗിച്ച് പ്രതിമകൾക്ക് ചായം പൂശും. ഓരോ സീസണിലേയും ആഘോഷങ്ങൾക്കനുസരിച്ചാണ് പ്രതിമകൾ ഇവർ വിൽപ്പനയ്ക്കായി തയാറാക്കുന്നത്. പൂജവയ്പ്പിന് സരസ്വതി വിഗ്രഹങ്ങളും വിഷുവിന് ശ്രീകൃഷ്ണ പ്രതിമകളും നിർമിച്ച് വില്പന നടത്തും.
രാജസ്ഥാൻ സ്വദേശിയ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിച്ചലിൽ സ്ഥലം വാടകയ്ക്കെടുത്ത് പ്രതിമകളുടെ നിർമാണം നടത്തുന്നത്.
ദൈവങ്ങളുടെ പ്രതിമകൾക്ക് പുറമെ പക്ഷികളുടെയും ആനയുടെയും മറ്റ് രൂപങ്ങളുടെയും പ്രതിമകൾ മനോഹരമായി ഇവർ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിക്കും.
കളിമണ്ണിലും സിമന്റിലും നിർമിക്കുന്ന പ്രതിമകളുടെ ഈട് പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾക്ക് ലഭിക്കാറില്ലെങ്കിലും മികച്ച പെയിന്റിംഗിലൂടെ വരുത്തുന്ന രൂപ ഭംഗിയിൽ ഇവ ഒട്ടും പുറകിലല്ല.