പന്തളം: വാടകയ്ക്കെടുത്ത കാർ സുഹൃത്തിൽ നിന്നും വാങ്ങി മറ്റൊരാളിന് പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം വാളത്തിങ്കൽ തട്ടാമല മങ്കുഴിതെക്കേതിൽ അഫ്സലാണ്(24) അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും പന്തളം മുടിയൂർക്കോണം സ്വദേശിയുമായ ശ്രീജിത്ത് ഒളിവിലാണ്.
എറണാകുളത്ത് ആശുപത്രിയിലേക്ക് പോകാനെന്നു പറഞ്ഞ്, പന്തളം കടയ്ക്കാട് സുമയ്യ മൻസിലിൽ അഷ്റഫ് റാവുത്തറുടെ കാർ ശ്രീജിത്ത് വാടകയ്ക്കെടുക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തായ അഫ്സലിന് പിന്നീട് കാർ കൈമാറി. അഫ്സൽ കൊല്ലം സ്വദേശിക്ക് കാർ പണയപ്പെടുത്തി 1,20,000 രൂപ വാങ്ങി മുങ്ങുകയായിരുന്നു.
കാറിന്റെ ഉടമ പന്തളം പോലീസിൽ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അഫ്സലിനെ പിടികൂടിയത്. ഇതിനിടെ ശ്രീജിത്ത് രക്ഷപെട്ടു. സിഐ ഇ.ഡി. ബിജു, എസ്ഐ സജീഷ്കുമാർ, ജൂണിയർ എസ്ഐ സുജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.