ഇന്ത്യയിൽ ഇനി കടൽപ്പാലത്തിലും വിമാനമിറങ്ങും. രാജ്യത്തെ ആദ്യ കടൽപ്പാലത്തിലെ റണ്‍വേയുടെ നിർമാണം ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ ഉടൻതന്നെ ആരംഭിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചെറുവിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന ഇവിടെ വലിയ വിമാനം എത്തിക്കുക എന്നതാണ് പുതിയ റണ്‍വേയുടെ ലക്ഷ്യം.
വിമാനത്താവളത്തിൽ നിലവിലുള്ള റണ്‍വേ കടലിലേക്ക് നീട്ടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ആദ്യം കടലിൽ പാലം പണിയും. പിന്നീട് ഈ പാലത്തിൽ റണ്‍വേ പണിയാനാണ് പദ്ധതി. 1,500 കോടിയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. മുന്‍പ് ഇതിനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു.