പാറശാല: വിദേശ നയതന്ത്ര പ്രതിനിധികളുടെ വാഹനങ്ങൾക്കനുവദിച്ചു നൽകുന്ന അതീവ സുരക്ഷയുള്ള നമ്പർപ്ലേറ്റുമായി നിരത്തിലോടിയ വാഹനം പാറശാല ആർടിഒ അധികൃതർ പിടിച്ചെടുത്തു. 109 CD 13 നമ്പരുമായി ഇറങ്ങിയ ഇന്നോവ കാറാണ് പിടിച്ചെടുത്തത്.
പാറശാലക്കു സമീപം അരുവള്ളൂർ സ്വദേശിയുടെ പക്കൽ നിന്നുമാണ് വാഹനം പിടിച്ചെടുത്തത്. തിരുവനന്തപുരത്തും ,തമിഴ്നാട്ടിലുമായി കല്യാണ സവാരി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഈവാഹനം ഉപയോഗിച്ചിരുന്നു. അസാധാരണമായ നമ്പർ ഉപയോഗിച്ചു വാഹനം ഓടുന്നത് ശ്രദ്ധയിൽപെട്ട ടാക്സി ഡ്രൈവർമാരാണ് അധികൃതരെ വിവരം അറിയിച്ചത്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വാഹനം പിടിച്ചെടുക്കാൻ പാറശാല ആർടിഒ അധികൃതർക്ക് നിർദേശം നൽകുകയും എംവിഐമാരായ അൻവർ, അരുൺ എന്നിവർ ചേർന്ന് വാഹനം പിടിച്ചെടുത്തു ആർടിഓ ഓഫീസിലെത്തിക്കുകയും ചെയ്തു.
വാഹനത്തിന്റെ രേഖകളുമായി ഹാജരാകുവാൻ ഉടമയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ഹാജരാകാത്തതിനെ തുടർന്ന് വാഹനം പരിശോധിച്ചു ചെയ്സ് നമ്പർ എടുക്കുകയും ഈ വാഹനം ആർക്കുവിറ്റുവെന്നവിവരം നൽകുവാൻ നിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. നിർമാതാക്കൾ 2010 ൽ ഡൽഹിയിലെ ഇസ്രായേൽ കോൺസുലേറ്റ് അധികൃതർക്കുവിറ്റതായി റിപ്പോർട്ട് നൽകി .ഇതേ തുടർന്ന് 1976 ലെ കേരള മോട്ടോർ ആക്ട് 11 പ്രകാരം വാഹനം കസ്റ്റഡിയിലെടുത്തത്.
വിദേശ എംബസിയിലെ ജീവനക്കാർക്ക് ഇത്തരത്തിലുള്ള കോഡ് നമ്പർ നല്കിയിരുന്നുവെങ്കിലും 2012 ലെ തീവ്രവാദ ആക്രമണത്തിന് ശേഷം അംബാസഡർമാർക്കു മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.
നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഈ നമ്പർ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ പോലീസ്, ആർടിഒ അധികൃതർ തുടങ്ങി ഒരു ഏജൻസിക്കും പരിശോധിക്കാൻ അനുവാദമില്ല. പാറശാല, അമരവിള ആർടിഒ ചെക്ക് പോസ്റ്റുകൾവഴി നിരവധി തവണ വാഹനം കടന്നുപോയിട്ടുണ്ടെങ്കിലും ആരും തന്നെ പരിശോധിച്ചിരുന്നില്ല.
കോൺസുലേറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ നീല,കറുപ്പ് ,വെള്ള ,ചുമപ്പ് നിറങ്ങളാണ് കോഡായി ഉപയോഗിക്കുന്നത്. ഇതിൽ നീല പ്രതലത്തിൽ കറുത്ത അക്ഷരം കൊണ്ട് നമ്പർ എഴുതണം എന്നാണ് നിയമം. എന്നാൽ പിടിച്ചെടുത്ത വാഹനത്തിൽ വെള്ള പ്രതലത്തിൽ കറുത്ത അക്ഷരം കൊണ്ടാണ് നമ്പർ എഴുതിയിരുന്നത്.
അതീവ സുരക്ഷയുള്ള നമ്പറുമായി വാഹനം ഇവിടെ എങ്ങനെ എത്തിയെന്നും, വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ കോൺസുലേറ്റുമായി ബന്ധപ്പെടുമെന്നും നിയമ വശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ നിയമനടപടിയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും, പാറശാല ജോയിന്റ് ആർടിഒ അറിയിച്ചു