വിനയായത് അറിവില്ലായ്മ! ചെയ്തത് തെറ്റെന്ന് സമ്മതിച്ച് നടന്‍ ഫഹദ് ഫാസില്‍; എത്ര പിഴ വേണമെങ്കിലും ഒടുക്കാന്‍ തയാറെന്നും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ നടന്‍

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ കുറ്റം ഏറ്റു പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവില്‍ നടന്‍ ക്രൈംബ്രാഞ്ചിനോട് ഏറ്റു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രജിസ്‌ട്രേഷന്‍ കാര്യങ്ങളും മറ്റു ചിലരാണു നോക്കുന്നത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് മൊഴി നല്‍കി. ഇക്കാര്യത്തില്‍ എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞതോടെയാണ് നടനെ അറസ്റ്റ് ചെയത് വിട്ടയച്ചത്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. നടന്‍ മറ്റൊരു വാഹനം കൂടി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിലും ഉടന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. നിലവിലുള്ള കേസിനൊപ്പം തന്നെ ഈ കേസും ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വഞ്ചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഫഹദ് ഫാസിലിനെതിരേ കേസെടുത്തത്. എന്നാല്‍, ഇതിന് പിന്നാലെ ഫഹദ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തയുടന്‍ വിട്ടയച്ചത്.

പുതുച്ചേരിയില്‍ ഇല്ലാത്ത ഒരു വിലാസത്തിലാണ് ഫഹദ് രണ്ട് കാറുകളും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ആദ്യ കേസ് പുറത്തുവന്നപ്പോള്‍ തന്നെ പിഴയടക്കാന്‍ ഫഹദ് സന്നദ്ധത അറിയിക്കുകയും 17 ലക്ഷം രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നര കോടി രൂപയുടെ ബെന്‍സും ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്തതായി കണ്ടെത്തിയത്. പുതുച്ചേരി ആര്‍ടി ഓഫിസിലെ രേഖകളില്‍ നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇത് വ്യാജ മേല്‍വിലാസമാണെന്ന് കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ കേരളത്തില്‍ ഫഹദ് ഫാസില്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമുതി വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്.

 

Related posts