ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. ചേപ്പാട് മുട്ടം പീടികപ്പറന്പിൽ ശശിയുടെ മകൻ സജിത്തി(37)നെയാണ് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചാർജ് വഹിക്കുന്ന രാമങ്കരി ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
ഖത്തറിൽ ജോലി ചെയ്തിരുന്ന സജിത്തിനെ തന്ത്രപരമായി നാട്ടിലേക്ക് വിളിച്ചു വരുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നെടുന്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2015 ഒാഗസ്റ്റ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് മുട്ടം ഭാരതിയിൽ സുരന്റെ ഭാര്യ ജലജയെ ഇരുന്പ് വടിയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈയിൽ നിന്ന് ബന്ധുവിന്റെ വിവാഹത്തിനായെത്തിയതായിരുന്നു ജലജ.
മക്കളായ ആരോമലിനോടും അമ്മുവിനോടുമൊപ്പം വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന ജലജ ആഗസ്റ്റ് ഒൻപതിനാണ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയത്. ബാങ്കിൽനിന്ന് പണം പിൻവലിച്ച പതിമൂന്നിനാണ് ജലജ തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരുടെ താലിമാലയും വളകളും അപഹരിക്കപ്പെട്ടനിലയിലായിരുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ ജനാലവഴി ആളെ തിരിച്ചറിഞ്ഞാൽ മാത്രം വാതിൽ തുറക്കുന്ന പ്രകൃതക്കാരിയിയിരുന്നു ജലജ. അതുകൊണ്ടുതന്നെ പരിചയക്കാരാരെങ്കിലും കൃത്യം ചെയ്തതാകാമെന്നാണ് ഭർത്താവ് അടക്കം വിശ്വസിച്ചിരുന്നത്്.
ദൃക്സാക്ഷികളില്ലാത്ത കേസ് ലോക്കൽ പോലീസ് മൂന്നുമാസത്തോളം അന്വേഷിച്ചിരുന്നു.പ്രതികയെക്കുറിച്ച് യാതൊരു തുന്പും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്നും അന്വേഷണ പുരോഗതിയില്ലാത്തതിനാലാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ കേസ് ഏല്പിപിച്ചത്. മരണം സംഭവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസിൽ അറിയിച്ചത്.
അപ്പോഴേക്കും നിർണായകമായ പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു. പ്രതി കൊലപാതകത്തിന് ശേഷം സംഭവം നടന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള കുളിമുറിയിൽ കയറി കുളിച്ചിട്ടാണ് രക്ഷപ്പെട്ടത്.വീടുമായി ഏറെ അടുപ്പമുള്ള ആളാണ് കൃത്യം നടത്തിയതെന്ന് അന്നേ പോലിസ് സംശയിച്ചിരുന്നു. സംഭവ ദിവസം വീട്ടിലെ വളർത്തുനായ കുരയ്ക്കാതിരുന്നതും, സ്വർണാഭരണങ്ങളുടെ കൂട്ടത്തിൽ കമ്മൽ നഷ്ടപ്പെടാതിരുന്നതും മറ്റും സംശയങ്ങൾക്കിടയാക്കിയിരുന്നു.
ഏതാനും മാസങ്ങൾക്കുമുന്പ് കൊലപാതകം നടന്ന വീടിന്റെ സമീപത്തുള്ള റോഡിന്റെ വശത്തെ പുല്ല് ചെത്തുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മൊബൈൽ ഫോണ് ലഭിച്ചിരുന്നു. ഈ ഫോണ് സുരൻ മുഖാന്തിരം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഈ ഫോണ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സജിത്താണ് പ്രതിയെന്ന് സംശയിക്കാനിടയായത്.
ഈ ഫോണ് സജിത്തിന്റേതാണെന്നും ഇതിന്റെ നന്പർ ഒളിച്ചു വച്ചിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ജലജയുടെ ഭർത്താവിന്റെ ബന്ധുവായ രാജുവിന്റെ സുഹൃത്ത് കൂടിയാണ് സജിത്ത്. സുരന്റെ നിർദ്ദേശ പ്രകാരം ഇവരുടെ വീട്ടിലെ മാരുതി കാർ സർവീസിംഗിന് കൊണ്ടുപോകാൻ രാജു സംഭവ ദിവസം ജലജയുടെ വീട്ടിലെത്തിയിരുന്നു. കുവൈറ്റിൽ ജോലിയുള്ള രാജുവിന് നാട്ടിൽ വലിയ പരിചയം ഇല്ലാത്തതിനാൽ കാർ സർവീസിംഗിന് കൊണ്ടുപോകാൻ സജിത്തിന്റെ സഹായം തേടിയിരുന്നു.
സജിത്ത് എത്തുവാൻ വൈകിയതിനാൽ രാജു കാറുമായി സർവീസിംഗിനു പോയിരുന്നു. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്തിനെ ജലജ വീട്ടിനുള്ളിൽ കയറ്റിയിരുത്തുകയും സംസാരത്തിനിടയിൽ വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ സജിത്ത് ജലജയോട് കുടിക്കുവാൻ വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുക്കുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന സജിത്ത് ജലജയോട് സഭ്യതയില്ലാതെ സംസാരിക്കുകയും തുടർന്ന് ജലജയെ കയറിപ്പിടിക്കുകയും ചെയ്തു.
തന്റെ ആഗ്രഹത്തിന് വഴങ്ങാത്ത ജലജയെ ഇരുന്പ് വടിക്ക് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു.
തുടർന്ന് കുത്തിയും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്ത പ്രതി കൃത്യം നടത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിലുള്ള കുളിമുറിയിൽ കയറി കുളിച്ചിട്ട് രക്ഷപ്പെടുകയുമായിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണവും നിർണായകമാകേണ്ടിയിരുന്നിടത്ത് പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു.
കൃത്യ സ്ഥലം മുഴുവൻ കഴുകി വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചിരുന്നു. മുട്ടം പള്ളിപ്പാട് ജംഗ്ഷന് സമീപം ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇയാൾ ഭാര്യയുമൊത്ത് മലേഷ്യയിലും മറ്റും ഉല്ലാസയാത്ര നടത്തിയിരുന്നു. നാട്ടിലും സുഹൃത്തുക്കളോടും ബന്ധുക്കളോടും പതിവായി കടം വാങ്ങിയിരുന്ന ഇയാൾ പ്രദേശത്തെ ഓണചിട്ടി ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്താണ് ഖത്തറിൽ ജോലിയ്ക്ക് പോയതെന്നും പറയപ്പെടുന്നു.
ഫോട്ടോഗ്രാഫറായ ഇയാൾ സംഭവത്തിന് ശേഷം പോലീസിനെ സഹായിക്കുന്നതിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിനും മറ്റും സജീവമായിരുന്നു. ഇന്നലെ മാവേലിക്കര ഗസ്റ്റ്ഹൗസിൽ എത്തിച്ച പ്രതിയെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി രാത്രി ഒന്പതോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയുമായിരുന്നു.
ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ളള തൃശൂരിൽ നിന്നുള്ള അന്വേഷണ സംഘത്തിൽ എസ്.പി കെ.എസ്.സുദർശനൻ, എ.എസ്.ഐമാരായ കെ.എ.മുഹമ്മദ് അഷ്റഫ് , പി.സി.സുനിൽ, മനോജ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.ഹബീബ്, സിവിൽ പോലീസ് ഓഫീസറ·ാരായ സൂരജ് വി.ദേവ് ,ഷാനവാസ്, സുരേഷ് കുമാർ എന്നിവരും അംഗങ്ങളാണ്.
പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തിമൂലം:ആഞ്ചലോസ്
ആലപ്പുഴ: കോളിളക്കം സൃഷ്ട്ടിച്ച ഹരിപ്പാട് ജലജാസുരൻ വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിമൂലമാണെന്ന്് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്പോൾ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ ചേപ്പാടാണ് പ്രവാസിയായ സുരന്റെ ഭാര്യ ജലജാ സുരൻ കൊലചെയ്യപ്പെട്ടത്.
പ്രതികളെ പിടികുടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നെങ്കിലും അന്വേഷണം വഴിമുട്ടിയതിനു പിന്നിൽ അന്നത്തെ ഭരണകർത്താക്കൾ തന്നെയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഈ ആവശ്യം ഉന്നയിച്ച് സിപിഐ ജില്ലാ കൗണ്്സിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു.