ജോണ്സണ് വേങ്ങത്തടം
തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്പോഴും വന്യമൃഗശല്യത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാതെ വനംവകുപ്പ്.
മൂന്നാർ, മറയൂർ മേഖലകളിൽ ഒരു വർഷത്തിനുള്ളിൽ ആനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ നാലു പേർക്കു ജീവൻ നഷ്ടപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കൃഷിനാശം സംബന്ധിച്ച് 175 കേസുകളും റിപ്പോർട്ട്് ചെയ്തിട്ടുണ്ട്.
2002നു ശേഷം കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ മാത്രം 35 പേർ മരിച്ചുവെന്നാണ് കണക്ക്. കാട്ടാന ശല്യം രൂക്ഷമായ ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടം, 301 കോളനി, മൂന്നാർ, മറയൂർ, കുണ്ടള, കാന്തല്ലൂർ എന്നിവടങ്ങളിൽ ജനം ഭയചകിതരായിട്ടാണ് ജീവിക്കുന്നത്. മാർച്ച് 21നു പള്ളിക്കുമുന്നിൽ മെഴുകുതിരി കത്തിക്കുന്പോഴായിരുന്നു ദേവികുളം സ്വദേശി എ ജോർജ് (59) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജൂണ് 17നു സിങ്കുകണ്ടം സ്വദേശി സുനിൽ ജോർജ്(29) പാൽ വാങ്ങാൻ പോകുന്പോഴാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണൻ വിറകു ശേഖരിച്ചു വരുന്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആടുകളെ പുല്ലുതീറ്റിച്ചശേഷം വീട്ടിലേക്കു വരുന്പോഴാണു ഡിസംബർ ഏഴിനു അന്തോണിയമ്മ(61) കൊല്ലപ്പെട്ടത്.
മൂന്നാർ ടൗണിൽ പോലും കാട്ടാനകൾ ഇറങ്ങുന്നു. പകൽ സമയത്തു പോലും എസ്റ്റേറ്റുകളിലെ ലയങ്ങൾക്കുസമീപം കാട്ടാന ഇറങ്ങി വരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം മൂന്നാർ ആശുപത്രി പടിയിൽ വന്ന കാട്ടാന കാറു തകർത്തിരുന്നു. ഇപ്പോൾ വീടുകൾക്കും കൃഷിയിടങ്ങൾക്കും വാഹനത്തിനുമെതിരേയുള്ള ആക്രമണം തുടരുന്പോൾതന്നെ മൂന്നാറിൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. വർധിച്ചുവരുന്ന കാട്ടാന ആക്രമണവും കാട്ടാനകൾ ചെരിയുന്നതും ഒഴിവാക്കാൻ വനംവകുപ്പ് യോഗം വിളിച്ചിരുന്നെങ്കിലും സ്ഥിരം പല്ലവി മാത്രമാണുണ്ടായതെന്നു പരക്കെ ആക്ഷേപമുണ്ട്.
കർഷകർക്കു മുന്നിൽ സമർപ്പിച്ചിരുന്ന നിരവധി നിർദേശങ്ങൾ ഇതുവരെ ഫലപ്രദമായി വിനിയോഗിക്കാൻ വനംവകുപ്പിനു സാധിച്ചിട്ടില്ല. ഇതു കൂടാതെ വനാതിർത്തിയിൽ കഴിയുന്ന കർഷകരോടു മാത്രമല്ല പൊതുവേ വനംവകുപ്പിലെ ഉദ്യോഗസ്ഥർ കർഷകരെ കൈയേറ്റക്കാരായി കാണുന്നുവെന്ന ആക്ഷേപം ശക്തമാണ്.
വനപ്രദേശത്തോടുചേർന്നു സ്ഥിതി ചെയ്യുന്ന വീടുകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതു തടയുന്നതിനു വനാതിർത്തിയിൽ സൗരോർജ വൈദ്യുതി വേലികൾ, ആനപ്രതിരോധ കിടങ്ങുകൾ, പ്രതിരോധമതിലുകളുടെ നിർമാണം, പുറത്തു വരുന്ന ആനകളെ വനത്തിനുള്ളിലേക്കു തെളിച്ചു വിടുന്നതിനുള്ള സംവിധാനത്തോടെ റാപ്പിഡ് റെസ്പോണ്സ് ടീമുകൾ രൂപീകരിക്കൽ, പ്രശ്നക്കാരായ ആനകളെ മയക്കി റേഡിയോ കോളർ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിർത്തിയിലെ താമസക്കാർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ പൂർണമായും ഒരുക്കിയിട്ടില്ല.
മൂന്നാറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനിൽ ഭരദ്വാജിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടും സ്ഥിരം പ്രസ്താവനമാത്രമാണ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. കാാട്ടാന ശല്യം രൂക്ഷമായ ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടം, 301 കോളനി എന്നിവിടങ്ങളിലുള്ള ആളുകളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാർ ഡിഫ്ഒയുടെ ശുപാർശ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ പോസിറ്റീവായി തീരുമാനമെടുക്കുമെന്നും വനം മന്ത്രി കെ രാജു പറഞ്ഞിരുന്നു.
സാധാരണയായി കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. പത്തു ലക്ഷം രൂപ വീതമാണ് ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്കു സ്ഥലം വാങ്ങി വീടുവച്ചു നൽകാനും സ്ഥലമുള്ളവർക്കു വീടുവച്ചുനൽകാനുമായി ഉപയോഗിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള പുനരധിവാസത്തിനു കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ട് ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. കാട്ടാനകൾക്കു നേരെയുള്ള അക്രമം തടയാൻ വിവിധ എസ്റ്റേറ്റ് മാനേജുമെന്റുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും ബോധവൽക്കരണം നടത്താനാണ് ഉദ്യോഗസ്ഥർ മുൻകൈയെടുക്കുന്നത്. അതേ സമയം മൂന്നാറിൽ നാലുമാസത്തിനുള്ളിൽ ആറു കാട്ടാനകൾ ചെരിയുകയും ചെയ്തു.