ബിബിൻ ബാബു
കൊച്ചി: സംസ്ഥാനത്തു മോഷണങ്ങളും കൊലപാതകങ്ങളുമെല്ലാം തുടർക്കഥയാകുന്പോൾ എല്ലാ സംശയക്കണ്ണുകളും നീളുന്നത് ഇതരസംസ്ഥാനക്കാരിലേക്കാണ്. ജനിച്ച മണ്ണും സ്വന്തം കുടുംബത്തെയും വിട്ട് ജീവിക്കാനായി ദൂരങ്ങൾ താങ്ങിയെത്തിയവർ പേറുന്ന ദുരിതങ്ങൾ പലതരത്തിലാണ്. പെരുന്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ ആസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണു കൊച്ചി പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും മോഷണങ്ങൾ നടന്നത്.
വീട്ടുകാരെ കെട്ടിയിട്ടും ഉപദ്രവിച്ചും നടത്തിയ കവർച്ചാശ്രമങ്ങൾക്കു പിന്നിലും ഇതരസംസ്ഥാനക്കാരാണെന്ന നിഗമനത്തിലാണു പോലീസും പൊതുസമൂഹവും. ഇതുമൂലം ഇപ്പോൾ എല്ലാവരും തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നു എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി രാജ് പങ്കജ് പറയുന്നു.
അവഗണനയാണ് ഇപ്പോഴും
കേരളത്തിൽ ജോലിക്കായി എത്തിയിട്ടു വർഷങ്ങളായിട്ടും ഇന്നും അവഗണനയാണു പല ഇതര സംസ്ഥാനക്കാരോടും തൊഴിലിടങ്ങളിൽ കാണിക്കുന്നത്. മലയാളികൾ കൃത്യ സമയത്തു ജോലി അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങുന്പോൾ ജോലി സമയമായ എട്ടു മണിക്കൂറിൽ കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കുന്നതായി നേരത്തേതന്നെ ആരോപണമുണ്ട്. ഇതുകൂടാതെ, കടുത്ത വിവേചനം പല സ്ഥലങ്ങളിലും നേരിടണ്ടേി വരുന്നുണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കമ്മീഷൻ കൈക്കലാക്കുന്നവർ
ഇതരസംസ്ഥാനക്കാരെ ആവശ്യത്തിന് അനുസരിച്ച് തൊഴിലിടങ്ങളിൽ എത്തിച്ചു പണമുണ്ടാക്കുന്ന ഏജന്റുമാരും നിരവധിയാണ്. ഭാഷ അറിയാത്തവരെ കബളിപ്പിച്ചു പണമുണ്ടാക്കുന്നതാണ് ഇക്കൂട്ടരുടെ പ്രധാന വരുമാനം. നേരത്തേ, പറഞ്ഞുറപ്പിച്ച തുകയ്ക്കു തൊഴിലാളികളെ എത്തിച്ചു കൊടുത്ത ശേഷം കൂലിയുടെ പ്രധാന പങ്ക് ഏജന്റുമാർ കൈക്കലാക്കും. സ്വന്തം നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കൂലി കിട്ടുന്നതിനാൽ ഈ കബളിപ്പിക്കൽ ഒട്ടുമിക്ക ഇതരസംസ്ഥാനക്കാരും അറിയുന്നുമില്ല.
പല സ്ഥലങ്ങളിലും രാവിലെ എത്തി ജോലിക്കായി ഇതരസംസ്ഥാനക്കാർ കൂട്ടം കൂടി നിൽക്കുന്നതും പലരും വന്ന് ആവശ്യത്തിനുള്ള തൊഴിലാളികളെ കൊണ്ടു പോകുന്നതും നിത്യേനയുള്ള കാഴ്ചയാണ്. വ്യത്തിഹീനമായ സാഹചര്യങ്ങളിലാണു പല ലേബർ ക്യാന്പുകളിലും ഇതരസംസ്ഥാനക്കാർ താമസിക്കുന്നത്. മദ്യത്തിനും ലഹരിക്കും അടിപ്പെട്ടായിരിക്കും എറെയും ജീവിതങ്ങൾ.
ഇപ്പോഴും കണക്കില്ല
കേരളത്തിൽ മുൻപും മോഷണങ്ങളും മറ്റും നടന്നിരുന്നെങ്കിലും ഇതരസംസ്ഥാനക്കാർ എത്തിയതോടെ ഇത്തരം സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നത് സത്യമാണ്. ജോലിക്കായി എത്തുന്നവർക്കൊപ്പം കുറ്റവാളികളും കേരളത്തലേക്ക് ഒഴുകുന്നതു വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ഇതര സംസ്ഥാനക്കാർ കേരളത്തിൽ എത്രയുണ്ടെന്ന കണക്ക് ഇപ്പോഴും ലഭ്യമാകാത്തതാണു പ്രശ്നങ്ങളെ സങ്കീർണമാക്കുന്നത്.
ജോലി കൊടുക്കുന്നവർക്കുപോലും ഇവരെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളോ വിലാസമോ പോലും ഇല്ലെന്നുള്ളതാണു വാസ്തവം. സ്വന്തം നാട്ടിൽ വലിയ കുറ്റങ്ങൾ ചെയ്തശേഷം ഒളിത്താവളമായി കേരളത്തെ തെരഞ്ഞെടുക്കുന്നവരും ഏറെയാണ്. ഇവരെ തിരിച്ചറിയാൻ സാധിക്കാത്ത് അപകടമേറ്റുന്നു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കൂടിയേറ്റക്കാരും കേരളത്തിൽ നിരവധിയുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം മൂലം വലിയ പ്രതിസന്ധിയാണ് ഇപ്പോൾ പല ഇതരസംസ്ഥാന തൊഴിലാളികളും അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ മോഷണ പരന്പരകൾ നടത്തിയവരുടേതെന്നു പറയുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിച്ചിരുന്നു.
പോലീസ് പുറത്തു വിട്ടതെന്ന കുറിപ്പോടെ പ്രചരിച്ച ചിത്രങ്ങൾക്കു ഒരടിസ്ഥാനവുമില്ലെന്നു പിന്നീടു വ്യക്തമായി. ഇങ്ങനെയുള്ള പ്രചാരണങ്ങൾ അടുത്ത കാലത്തായി വർധിച്ചിരുന്നു. കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിൽ കൊലപ്പെടുത്തുകയാണെന്നുള്ള സന്ദേശങ്ങളും വ്യാപകമായിരുന്നു. ഇതുമൂലം പലരും സ്വദേശത്തേക്കു മടങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ടായി.
അച്ഛനും അമ്മയും ഭാര്യയും മക്കളുമുള്ള വലിയ കുടുംബത്തെ ദുരിതത്തിൽനിന്നു രക്ഷിക്കാനാണു കേരളത്തിലെത്തിയത്. ഇവിടെ വന്നിട്ടിപ്പോൾ പത്തു വർഷത്തിലേറെയായി. മലയാളം നന്നായി സംസാരിക്കും. പക്ഷേ, പലപ്പോഴും കടുത്ത അവഗണന പല സ്ഥലത്തുനിന്നുമുണ്ടാകുന്നുണ്ട്.
ബസിലും ട്രെയിനിലും ഹോട്ടലുകളിലുമെല്ലാം ചെല്ലുന്പോൾ രൂക്ഷമായ നോട്ടങ്ങളാണ് നേരിടേണ്ടിവരുന്നത്. ഞങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെല്ലാം നല്ലവരാണെന്നു പറയുന്നില്ല. എന്നാൽ, ജോലിക്കു വേണ്ടി മാത്രം എത്തിയിട്ടുള്ളവരുമുണ്ടെന്നുള്ള കാര്യം മറക്കരുതെന്നു കൊച്ചിയിൽ കെട്ടിടങ്ങളുടെ നിർമാണ തൊഴിൽ ചെയ്യുന്ന ബംഗാൾ സ്വദേശി സഫൽ സാദർ പറഞ്ഞു.