കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തിൽ നിന്ന് ദുൽക്കർ പിന്മാറിയതാണെന്നും കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് കാരണമെന്നും വാർത്തകൾ. കൊച്ചിയിലെ സമകാലിക ജീവിതം പശ്ചാത്തലമായി നിർമിക്കുന്ന കമ്മട്ടിപ്പാടം രണ്ടാംഭാഗത്തിൽ ഷെയ്ൻ നിഗമാണ് നായകൻ. ആദ്യമായാണ് ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആദ്യഭാഗത്തിലെ നായക നടൻ ഇല്ലാതെ വരുന്നത്.
തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്രചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിൽ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിച്ചതിനെ നടി പാർവതി വിമർശിച്ചിരുന്നു.
ചിത്രത്തിന്റെ പേര് പാർവതിക്ക് ഓർമ കിട്ടാതെ വന്നപ്പോൾ സമീപത്തുണ്ടായിരുന്ന നടി ഗീതു മോഹൻദാസാണ് കസബ എന്ന പേര് പാർവതിക്കു പറഞ്ഞുകൊടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഗീതുവിന്റെ ഭർത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദുൽക്കർ പിന്മാറിയതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.