കോഴിക്കോട്: കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന് കെ. മുരളീധരൻ. കോഴിക്കോട് ഡിസിസിയിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കും സിപിഎമ്മിനും എതിരായി നടത്തിയ പടയൊരുക്കം നമ്മൾ തമ്മിലുള്ള തർക്കമാകാതിരിക്കാനാണ് മിണ്ടാതിരിക്കുന്നതെന്ന് കെ. മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കിൽ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരും.
കരുണാകരനെ ദ്രോഹിച്ചതിൽ എല്ലാവർക്കും പങ്കുണ്ട്. ഒരേ ഇലയിൽ നിന്ന് കഴിച്ചവർക്കും പങ്കുണ്ട്. പഴയ ചരിത്രം ചികയാൻ നിന്നാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകും. അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നത്.
23ന് കോഴിക്കോട്ട് നിന്ന് ആരംഭിച്ചത് ഇവിടെ തന്നെ അവസാനിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ തന്നെ കരുണാകരനെ ദ്രോഹിച്ചിട്ടുണ്ട്. വല്ല സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല മിണ്ടാതിരിക്കുന്നതെന്നും പലരും തന്നെ മൂന്നാം കിടയിലിരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.